ശ്രീലങ്കയില്‍ നടക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരങ്ങളെല്ലാം തന്നെ മഴയുടെ ഭീഷണിയിലാണ്. ലങ്കയില്‍ ഇനി പത്ത് ദിവസം മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരവും മഴയുടെ ഭീതിയിലാണ്. സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മത്സരദിവസം 90 ശതമാനവും മഴപെയ്യാനുള്ള സാധ്യതയാണ് കല്‍പിക്കുന്നത്. ഈ മത്സരം മാത്രമല്ല ശ്രീലങ്കയിലെ മറ്റ് മത്സരങ്ങളും മഴയുടെ ഭീഷണയില്‍ തന്നെയാണ്.
മത്സരങ്ങളും മഴയ്ക്കുള്ള സാധ്യതകളും
ശ്രീലങ്ക – ബംഗ്ലാദേശ്, സെപ്റ്റംബര്‍ 9: 80% മഴയ്ക്ക് സാധ്യത
ഇന്ത്യ – പാകിസ്ഥാന്‍, സെപ്റ്റംബര്‍ 10: 90% മഴയ്ക്ക് സാധ്യത
ശ്രീലങ്ക – ഇന്ത്യ, സെപ്റ്റംബര്‍ 12: 80% മഴയ്ക്ക് സാധ്യത
ശ്രീലങ്ക – പാകിസ്ഥാന്‍, സെപ്റ്റംബര്‍ 14: 80% മഴയ്ക്ക് സാധ്യത
ഇന്ത്യ – ബംഗ്ലാദേശ്, സെപ്റ്റംബര്‍ 15; 80% മഴയ്ക്ക് സാധ്യത
ഫൈനല്‍, സെപ്റ്റംബര്‍ 17: 50% മഴയ്ക്ക് സാധ്യത
എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11നാണ് റിസര്‍വ് ഡേ.
ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പല്ലേക്കലെയില്‍ വെച്ച് ഷെഡ്യൂള്‍ ചെയ്യപ്പെട്ട ഇന്ത്യ – പാകിസ്ഥാന്‍ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ് റിസര്‍വ് ഡേ ഉള്‍പ്പെടുത്തിയത്. സൂപ്പര്‍ ഫോറില്‍ റിസര്‍വ് ഡേ ഉള്ളത് ഈ മത്സരത്തില്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘സെപ്റ്റംബര്‍ പത്തിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചിരിക്കുന്നു. മത്സരത്തിനിടെ കാലാവസ്ഥ മോശമാവുകയും മത്സരം തടസ്സപ്പെടുകയും ചെയ്താല്‍ സെപ്റ്റംബര്‍ 11ന് മത്സരം വീണ്ടും ആരംഭിക്കും.
സെപ്റ്റംബര്‍ പത്തിന് എവിടെ വെച്ചാണോ മത്സരം തടസ്സപ്പെട്ടത് അവിടെ മുതലായിരിക്കും സെപ്റ്റംബര്‍ 11ന് പുനരാരംഭിക്കുക,’ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ട പ്രസ്താവനിയില്‍ പറഞ്ഞു.
അതേസമയം, സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ ആറിന് ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ബാബറും സംഘവും പരാജയപ്പെടുത്തിത്.
Content Highlight: Reserve day for India-Pakistan super four match