| Thursday, 7th March 2019, 4:20 pm

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്കുകള്‍ വാതില്‍പ്പടി സേവനമെത്തിക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം ഇന്നും കടലാസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സേവനം സംബന്ധിച്ച് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും നല്‍കിയ നിര്‍ദേശം ഒരു വര്‍ഷത്തിലധികമായിട്ടും നടപ്പിലായില്ല. 70 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്കിങ് സേവനം വാതില്‍പ്പടിയില്‍ എത്തിക്കണമെന്ന നിര്‍ദേശമാണ് കടലാസില്‍ ഒതുങ്ങിയത്.

വിരമിക്കലും പുതിയ നിയമനം ഇല്ലാത്തതും സൃഷ്ടിക്കുന്ന കടുത്ത ജോലി ഭാരമാണ് ശാഖാ തലത്തില്‍ ഈ ഉത്തരവ് നടപ്പാക്കാനുള്ള തടസ്സമെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കാനുള്ള ഒരു ശ്രമവും അതത് ബാങ്കുകളുടെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നില്ലെന്നതാണ് വസ്തുത. ഫലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടുവാതില്‍ക്കല്‍ ലഭിക്കേണ്ട ബാങ്കിങ് സേവനം ഇന്നും അകലെയാണ്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സേനവം നല്‍കണമെന്ന നിര്‍ദേശം സ്വാഗതര്‍ഹമായിരുന്നെന്നും പക്ഷേ അതിനോട് നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെന്നുമാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കേരള പ്രഡിഡന്റ് രാജു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

“”2017 ലെ സര്‍ക്കുലറാണ് ഇത്. പക്ഷേ മിക്കവാറും ബാങ്കുകള്‍ ഇപ്പോള്‍ അണ്ടര്‍ സ്റ്റാഫ്ഡ് ആണ്. ദൈംനദിന കസ്റ്റമര്‍ സര്‍വീസ് പോലും പ്രയാസപ്പെടുന്നുണ്ട്. സാധാരണഗതിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ വന്നാല്‍ ഒരു പരിഗണന കൊടുക്കാറുണ്ട്. പ്രത്യേകമായി കൗണ്ടറുകളൊന്നും ബാങ്കുകളില്‍ ഇല്ല. മെ ഐ ഹെല്‍പ് യു എന്ന കൗണ്ടറുകള്‍ എല്ലാം ബാങ്കുകളില്‍ വേണമെന്നാണ്. പക്ഷേ അത്തരം കൗണ്ടറുകളൊന്നും എവിടെയുമില്ല. മാത്രമല്ല മുന്‍പൊക്കെ എട്ട് ആളുകള്‍ വരെ ഇരുന്ന ബാങ്കുകളില്‍ ഇപ്പോള്‍ രണ്ടോ മൂന്നോ പേരാണ് ഉള്ളത്. ചിലര്‍ ട്രാന്‍സ്ഫര്‍ ആയിപ്പോയിട്ടുണ്ടാകും. പകരം ആളുകള്‍ എത്തിയിട്ടുണ്ടാകില്ല. അത് ഒരു പ്രശ്‌നം തന്നെയാണ്.

ആവശ്യത്തിനുള്ള ജീവനക്കാരെ കൊടുത്താന്‍ ഈ നിര്‍ദേശം നടപ്പില്‍ വരുത്താന്‍ സാധിക്കും. മാത്രമല്ല മുതിര്‍ന്ന പൗരന്‍മാരോട് ഓണ്‍ലൈന്‍ സേവനത്തെ ആശ്രയിക്കാന്‍ പറയുന്നതും പ്രായോഗികമല്ല. കാരണം അവര്‍ ടെക്‌നോളജിയുമായി അത്ര ബന്ധമുണ്ടായിരിക്കില്ല. 70 കഴിഞ്ഞവരില്‍ മിക്കവരും നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങും ഉപയോഗിക്കുന്നവരായിരിക്കില്ല. മാത്രമല്ല എ.ടി.എം തട്ടിപ്പുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും നടക്കുന്നതുകൊണ്ട് തന്നെ സുരക്ഷിതത്വം ഉറപ്പിക്കാനും സാധിക്കില്ല.- അദ്ദേഹം പറയുന്നു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്ക് ശാഖകളില്‍ പ്രത്യേക കൗണ്ടര്‍, പെന്‍ഷന്‍കാര്‍ക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ ഏത് ശാഖയിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കല്‍ തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണം വീട്ടിലെത്തിക്കല്‍, നിക്ഷേപ തുക സ്വീകരിക്കല്‍, ഡിമാന്റ് ഡ്രാഫ്റ്റ് എത്തിക്കല്‍, കെ.വൈ.സി( നോ യുവര്‍ കസ്റ്റമര്‍ ) രേഖകള്‍ വീട്ടില്‍ ചെന്ന് ശേഖരിക്കല്‍ എന്നീ സേവനങ്ങള്‍ 2017 ഡിസംബര്‍ 31 നകം നടപ്പാക്കാനായിരുന്നു നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിന് പിന്നാലെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ധനകാര്യ സേവന വിഭാഗവും ഉത്തരവിറക്കിയെങ്കിലും ഇതുവരെ ഒന്നും നടപ്പായില്ല.

എന്നാല്‍ ഇത്തരക്കാര്‍ ആവശ്യപ്പെട്ടാല്‍ ബാങ്കുകള്‍ സേവനം ചെയ്യാറുണ്ടെന്നും ബാങ്കുകളില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ചിലപ്പോഴെങ്കിലും ബാങ്കുകളില്‍ നിന്നും സ്റ്റാഫുകള്‍ പോകാറുണ്ടെന്നുമാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി മീന ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

“”ഞാന്‍ ഗ്രാമീണബാങ്കില്‍ ജോലി ചെയ്യുന്ന ആളാണ്. നേരത്തെയും ഇത്തരത്തിലുള്ള സേവനം ബാങ്കുകള്‍ ചെയ്യുന്നുണ്ട്. ബാങ്കില്‍ എത്തിച്ചേരാന്‍ കഴിയാത്തവരുടെ വീട്ടിലേക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ സ്റ്റാഫുകളെ അയയ്ക്കും. ഒപ്പുകള്‍ അവര്‍ തന്നെയാണ് ഇടുന്നതെന്ന് നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. പക്ഷേ ബാങ്കുകളില്‍ അതിനനുസരിച്ചുള്ള ജീവനക്കാര്‍ വേണം. ബാങ്കില്‍ നിന്നും ഉത്തരവാദിത്തപ്പെട്ട ഒരാളെ അയക്കുമ്പോള്‍ അത് ബാങ്കിലെ മാറ്റ് കാര്യങ്ങളെ കൂടി ബാധിക്കുമോ എന്ന് കൂടി നോക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അതുകൂടി കണക്കിലെടുത്ത് റിക്രൂട്ട്‌മെന്റ് നടത്തണമെന്ന ആവശ്യമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

ചെറിയ ബാങ്കുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറുകളോ മറ്റോ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ വലിയ ബ്രാഞ്ചുകളില്‍ വീല്‍ ചെയര്‍ കയറാനുള്ള സൗകര്യം ചിലയിടത്തെല്ലാം ഉണ്ട്. ഗ്രൗണ്ട് ഫ്‌ളോറില്‍ ബാങ്കുകള്‍ ഉള്ള ബ്രാഞ്ചുകള്‍ കുറവാണ്. ഭിന്നശേഷിക്കാര്‍ക്കായി ലിഫ്റ്റ് വേണമെന്ന നിയമമൊക്കെയുണ്ട്. അത് ബാങ്കുകള്‍ നിശ്ചയിക്കേണ്ടതാണ്. പക്ഷേ അത് പ്രാവര്‍ത്തികമാകുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. – ഫെഡറേഷന്‍ സെക്രട്ടറി പറയുന്നു.

അതേസമയം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ നിന്നും ബാങ്കുകള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും പക്ഷേ പല ബാങ്കുകളിലും വേണ്ടത്ര ആളുകളില്ല എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നുമാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് എ.കെ രമേശ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

“”കസ്റ്റമേഴ്‌സിനെ കൗണ്ടറുകളില്‍ തന്നെ സ്വീകരിക്കാനും അവരുടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയാണ്. സ്വാഭാവികമായും ഇവര്‍ക്ക് അധിക പരിഗണന കൊടുക്കാനുള്ള ആള്‍ശേഷി ബാങ്കുകള്‍ക്ക് ഇല്ല. മുതിര്‍ന്ന പൗരന്‍മാരെയും ഭിന്നശേഷിക്കാരെയും പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യാറ്. ഇത്തരം നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ എളുപ്പമാണ്. പക്ഷേ അത് പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടാണ്.

ഓരോ ബ്രാഞ്ചിലും രണ്ടോ മൂന്നോ ആളുകള്‍ മാത്രമേയുള്ളൂ. പതിനായിരക്കണക്കിന് ആളുകളുടെ നേരിട്ടും അല്ലാതെയുമുള്ള ഇടപാടുകള്‍ ഇവര്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഇത്തരക്കാര്‍ക്ക് വേണ്ടി പ്രത്യേക കൗണ്ടര്‍ വേണമെന്ന് പറയുന്നത് ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലാത്ത കാര്യമാണ്. അതേസമയം ഇത്തരമൊരു സൗകര്യം ഒരുക്കേണ്ടത് തന്നെയാണ്.

ലാഭകരമായ ബാങ്കുകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ലാഭമില്ലെങ്കില്‍ അടച്ചുപൂട്ടാവുന്ന സ്ഥിതിയിലേക്ക് ബാങ്കുകള്‍ പോകുകയാണ്. ബാങ്കുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ മാറുകയാണ്. ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരെ ആദ്യം നല്‍കണം. ആ വിഷയത്തെ അഡ്രസ് ചെയ്യാതെ ഇത് പറയുന്നത് യാഥാര്‍ത്ഥ്യബോധമില്ലാതെയാണ്.””- അദ്ദേഹം പറഞ്ഞു.

അതേസമയം ആവശ്യപ്പെടുന്നവര്‍ക്ക് സേവനം ലഭിക്കുന്നുണ്ടാകുമെന്നും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (കേരള) സെക്രട്ടറി അബ്രഹാം ഷാജി ജോണ്‍ പ്രതികരിച്ചത്.

എന്നാല്‍ ചില എ.ടി.എം കൗണ്ടറുകള്‍ ഭിന്നശേഷി സൗഹൃദമാണെന്നും പക്ഷേ ബാങ്കുകളില്‍ ഇത് തത്വത്തിലായിട്ടില്ലെന്നുമാണ് ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സ്റ്റേറ്റ് സെക്രട്ടറി രാജീവ് പള്ളുരുത്തി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

പല ബാങ്കുകളിലും മുകളിലത്തെ നിലകളില്‍ പോലുമാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ എത്തിച്ചേരാന്‍ പോലും സാധിക്കില്ല. ലിഫ്റ്റുകളോ സൗകര്യമോ ഇല്ല.
മാനേജരുടെ കാബിനിലേക്ക് നമുക്ക് എങ്ങനെയെങ്കിലും കയറി ചെല്ലാം, പക്ഷേ അവരോട് ഇരുന്ന് ഇവരോട് നേരിട്ട് സംസാരിക്കാന്‍ നമുക്ക് കഴിയില്ല. അവരുടെ കാബിന്‍ ഉയരത്തിലായിരിക്കും. അതുകൊണ്ട് തന്നെ അവര്‍ എഴുന്നേറ്റ് വന്ന് നമ്മളോട് സംസാരിക്കേണ്ടി വരും. ചെറിയൊരു സ്‌പേസ് നമുക്കായി തരണം. ഭിന്നശേഷി സൗഹൃദമായ ഒരു കൗണ്ടറെങ്കിലും വേണമെന്നാണ് ആവശ്യപ്പെടാനുള്ളത്.

കോര്‍പ്പറേറ്റീവ് ബാങ്കുകളില്‍ പോലും ഇത്തരമൊരു സംവിധാനമില്ല. ഭിന്നശേഷി സൗഹൃദമാക്കണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രിക്ക് ഞങ്ങള്‍ നിവേദനം നല്‍കിയിരുന്നു. പക്ഷേ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു.

ചില ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക കൗണ്ടര്‍ തുറന്നെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍ അത് പ്രവര്‍ത്തിപ്പിക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതേസമയം തന്നെ ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട് എന്നിവയിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ ഫീല്‍ഡ് ജീവനക്കാരെ പല പേരിലും നിയമിക്കുന്നുമുണ്ട്.

We use cookies to give you the best possible experience. Learn more