മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് റിസര്‍വ് ബാങ്ക്
national news
മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് റിസര്‍വ് ബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2021, 3:50 pm

ന്യൂദല്‍ഹി: മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക്. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ തുക കൈമാറാനാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

വെള്ളിയാഴ്ച നടന്ന റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നീക്കിയിരിപ്പാണിത്.

കൊവിഡ് സാഹചര്യത്തില്‍ രാജ്യം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് കൈമാറുന്ന തുക കേന്ദ്രസര്‍ക്കാരിന് പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍.ബി.ഐയുടെ അക്കൗണ്ടിംഗ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂണ്‍ കാലയളവായിരുന്നു അക്കൗണ്ടിംഗ് വര്‍ഷമായി പരിഗണിച്ചിരുന്നത്.

അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള റിസ്‌ക് ഫണ്ട് 5.50 ശതമാനമായി നിലനിര്‍ത്താനും യോഗം തീരുമാനിച്ചു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസിനെ കൂടാതെ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Reserve Bank of India to transfer Rs 99,122 crore as surplus to government