| Monday, 19th November 2018, 10:13 am

റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ഭരണസമിതിയോഗം ഇന്ന്; സ്വയംഭരണാവകാശം യോഗത്തില്‍ ചര്‍ച്ച ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സ്വയംഭരണാധികാരത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതക്കിടെ റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ഭരണസമിതിയോഗം ഇന്ന് ചേരും. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഭരണസമിതിയിലെ 18 അംഗങ്ങളാണ് പങ്കെടുക്കുക.

യോഗത്തില്‍ ഗവര്‍ണര്‍ രാജി പ്രഖ്യാപിക്കുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതുണ്ടാവില്ലെന്നാണ് അറിയുന്നത്. പകരം അദ്ദേഹവും നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരും ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശത്തിനുവേണ്ടി യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും.


Read More: ശബരിമലയില്‍ കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചില്ല; ഭക്തരെ ദ്രോഹിക്കുന്ന നിലപാടാണ് കേരളസര്‍ക്കാരിന്റേത്:അല്‍ഫോണ്‍സ് കണ്ണന്താനം


ആര്‍.ബി.ഐ ഗവര്‍ണറും നാല് ഡെപ്യൂട്ടിമാരുമാണ് ബോര്‍ഡിലെ മുഴുവന്‍ സമയ ഔദ്യോഗിക അംഗങ്ങള്‍. ധനമന്ത്രാലയത്തിലെ രണ്ട് സെക്രട്ടറിമാരുള്‍പ്പെടെ ബാക്കി 13 പേര്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതവരാണ്. ഇതില്‍ സര്‍ക്കാര്‍പ്രതിനിധികളും ഏതാനും സ്വതന്ത്രാംഗങ്ങളും സര്‍ക്കാറിന്റെ നിലപാട് അവതരിപ്പിക്കും.

എന്നാല്‍, ചില സ്വതന്ത്രാംഗങ്ങള്‍ ഗവര്‍ണറെ പിന്തുണയ്ക്കുമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചട്ടങ്ങള്‍ ഇളവുചെയ്ത് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെ സഹായിക്കണമെന്ന കേന്ദ്രനിര്‍ദേശം ആര്‍.ബി.ഐ തള്ളിയതോടെയാണ് ഭിന്നതയുടെ തുടക്കം. കിട്ടാക്കടങ്ങള്‍ കാരണം അടിത്തറ തകര്‍ന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനമൂലധനം നല്‍കുക, ചെറുകിടവ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ നിയമങ്ങളില്‍ ഇളവുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ആര്‍.ബി.ഐ അംഗീകരിച്ചില്ല.

കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി നല്‍കണമെന്ന കേന്ദ്രനിര്‍ദേശം ആര്‍.ബി.ഐ തള്ളിയതോടെയാണ് ഭിന്നത മൂര്‍ച്ഛിച്ചത്. നോട്ടുനിരോധനസമയത്ത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കിയതിന്റെ പേരില്‍ ഉര്‍ജിത് പട്ടേല്‍ ഏറെ പഴികേട്ടിരുന്നു.


Read More: പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴുതാ മതിയോ? മറ്റുള്ളവര്‍ക്കും തൊഴേണ്ടേ; എസ്.പി യതീഷ് ചന്ദ്ര


ഇതേത്തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ റിസര്‍വ്ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ റിസര്‍വ്ബാങ്കിനെ ബാധ്യസ്ഥമാക്കുന്ന ഈ വകുപ്പ് ചരിത്രത്തില്‍ ഇതുവരെ പ്രയോഗിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് പട്ടേല്‍ രാജിവെക്കുമെന്ന വാര്‍ത്ത പരന്നത്.

ഒമ്പതുലക്ഷം കോടി രൂപയോളം വരുന്ന റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം കുറ്റപ്പെടുത്തിയിരുന്നു. ഇരുപക്ഷവും തമ്മിലുണ്ടെന്ന് പറയുന്ന മറ്റ് ഭിന്നതകള്‍ വെറും പുകമറ മാത്രമാണ്. തിങ്കളാഴ്ച നടക്കുന്ന ആര്‍.ബി.ഐ ഭരണസമിതിയോഗം, പിടിച്ചടക്കാനും അതിനെ ചെറുക്കാനുമുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒരു രാജ്യത്തെ കേന്ദ്രബാങ്ക് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കണമെന്ന സമ്പ്രദായം ലോകത്ത് ഒരിടത്തുമില്ല. എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സ്വകാര്യ ബിസിനസുകാര്‍ ഗവര്‍ണറോട് നിര്‍ദേശിക്കുന്നത് തലതിരിഞ്ഞ ആശയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more