റിസര്‍വ് ബാങ്ക് ഗവര്‍ണറും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
national news
റിസര്‍വ് ബാങ്ക് ഗവര്‍ണറും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2018, 10:03 pm

ന്യൂദല്‍ഹി: ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതായി സൂചന.

വായ്പ നല്‍കുന്നതിന് പൊതുമേഖല ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ ഇളവ് വരുത്തുക, കരുതല്‍ ധനം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ ഒമ്പതിനായിരുന്നു കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം. ആര്‍.ബി.ഐ- സര്‍ക്കാര്‍ ഭിന്നത രൂക്ഷമായ ആഴ്ചയില്‍ തന്നെയായിരുന്നു കൂടിക്കാഴ്ച. സര്‍ക്കാര്‍ ആവശ്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും ആര്‍.ബി.ഐ ഗവര്‍ണര്‍ അനുകൂല നിലപാട് എടുത്തോ എന്നതില്‍ വ്യക്തതയില്ല.

ALSO READ: അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമം; 2400 ഇന്ത്യക്കാര്‍ ജയിലില്‍

നവംബര്‍ 19ന് നടക്കുന്ന ആര്‍.ബി.ഐ. ഡയറക്ടര്‍ ബോര്‍ഡ് യോഗമാകും അന്തിമ തീരുമാനമെടുക്കുക. വായ്പാ തട്ടിപ്പുകള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് വായ്പ വിതരണം ഉള്‍പ്പെടെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.

വ്യവസ്ഥകള്‍ ഇളവ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും റിസര്‍വ് ബാങ്ക് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് 9.59 ലക്ഷം കോടി കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ആര്‍.ബി.ഐ. ആക്ടിന്റെ സെക്ഷന്‍ 7 ഉപയോഗപ്പെടുത്തിയായിരുന്നു സര്‍ക്കാരിന്റെ ഇടപെടല്‍. തര്‍ക്കത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിക്ക് ഒരുങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച