നോട്ട് നിരോധന തീരുമാനത്തിന്റെ സമയം സംബന്ധിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
ന്യൂദല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്കിന്റെ പ്രത്യേക ബോര്‍ഡ് അംഗീകരിച്ചത് പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് വെറും മുന്ന് മണിക്കൂര്‍ മുന്‍പ് മാത്രം.
നോട്ട് നിരോധന തീരുമാനത്തിന്റെ സമയം സംബന്ധിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
നവംബര്‍ 8ന് വൈകിട്ട് എട്ടുമണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം രാജ്യത്തെ എല്ലാ തട്ടിലുമുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നോട്ട് നിരോധന തീരുമാനത്തിന് നവംബര്‍ 8 വൈകിട്ട് 5.30നാണ് തങ്ങള്‍ അംഗീകാരം നല്‍കിയതെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ആര്‍. ഗാന്ധി, എസ്.എസ്. മുന്ദ്ര, എന്‍.എസ് വിശ്വനാഥന്‍, ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവരുള്‍പ്പെട്ട യോഗമാണ് തീരുമാനമെടുത്തതെന്നും മറുപടിയില്‍ പറയുന്നു. ഇതിന് ശേഷം രാത്രി 8 മണിക്ക് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ട് നിരോധനം പ്രഖ്യാപിക്കുകയായിരുന്നു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങളേക്കുറിച്ചും തീരുമാനത്തിന് മുന്‍പ് ഓരോ ദിവസവും എത്ര പുതിയ നോട്ടുകള്‍ അച്ചടിച്ചു എന്നിവയെക്കുറിച്ച് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയിട്ടില്ല. നോട്ട് നിരോധനം തിരക്കിട്ടെടുത്ത തീരുമാനമല്ലെന്നും 6 മാസത്തോളം സമയമെടുത്താണ് ഇത് നടപ്പിലാക്കിയതെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തിന് നേരെ സംശയമുയര്‍ത്തുന്നതാണ് വിവരാവകാശ രേഖ.
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് വിമര്‍ശനം നേരിടുന്നതിനിടെയുമാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.