റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു;നിരക്കുകളില്‍ മാറ്റമില്ല
India
റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു;നിരക്കുകളില്‍ മാറ്റമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2013, 12:12 pm

[] മുംബൈ: വായ്പാനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ മധ്യപാദ വായ്പാ നയ അവലോകനം.

മറ്റ് ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയായ റിപ്പോയിലും റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകളുടെ പലിശയായ റിവേഴ്‌സ് റിപ്പോയിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല.

റിപ്പോ നിരക്ക് 7.75 ശതമാനമായും റിവേഴ്‌സ് റിപ്പോ 6.75 ശതമാനമായും കരുതല്‍ ധനാനുപാതം നാല് ശതമാനമായും തുടരും.

ആര്‍.ബി.ഐ ഗവര്‍ണര്‍ ആയി രഘുറാം രാജന്‍ ചുമതലയേറ്റതിന് ശേഷമുള്ള മൂന്നാമത്തെ ആര്‍.ബി.ഐ നയമാണിത്. ആദ്യ രണ്ട് വായ്പാ അവലോകനങ്ങളിലും നിരക്കുകള്‍ കൂടിയിരുന്നു.

നവംബറില്‍ പണപ്പെരുപ്പ നിരക്ക് 7.52 ശതമാനമായി ഉയര്‍ന്നതിനാല്‍ വിപണിയിലെ പണത്തിന്റെ അളവ് കുറയ്ക്കുന്നതിനായി വായ്പാനയത്തില്‍ ആര്‍.ബി.ഐ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.

പലിശനിരക്കില്‍ മാറ്റമില്ലാതെ ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചതോടെ ഓഹരിവിപണിയില്‍ കുതിപ്പ് രേഖപ്പെടുത്തുന്നുണ്ട്.

പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന നിലയിലാണെന്നും ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെനന്നും വായ്പാ അവലോകനത്തിനിടെ ആര്‍.ബി.ഐ വ്യക്തമാക്കി.