ന്യൂദല്‍ഹി: 2019 മുതല്‍ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കൂടി സംവരണം വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മുതല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിന് സംവരണം ലഭിക്കുമെന്ന് ജാവദേക്കർ പറഞ്ഞിരുന്നു. എന്നാലിത് നിലവിലെ ജാതി സംവരണത്തെ ബാധിക്കാത്ത തരത്തില്‍ നടപ്പില്‍ വരുത്തുമെന്നും ജാവദേക്കർ പറഞ്ഞിരുന്നു.
നിലവിലെ സംവരണത്തെ ബാധിക്കാതിരിക്കാനായി സര്‍ക്കാറിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ജാവേദ്കര്‍ പറഞ്ഞു. മുന്നാക്ക ജാതി സംവരണം നിലവിലെ സംവരണത്തിനെ ബാധിക്കാതിരിക്കാനായി 25 ശതമാനത്തോളം അധികം സീറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിപ്പിക്കും ജാവദേക്കർ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
Also Read പ്രധാനമന്ത്രിയുടെ ചടങ്ങില്‍ നിന്ന് ശശി തരൂരും വി.എസ് ശിവകുമാറും വി.കെ പ്രശാന്തും ഇറങ്ങിപ്പോയി
ഈ വര്‍ഷം ആദ്യം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിക്കുകയും വലിയ എതിര്‍പ്പുകളില്ലാതെ ബില്‍ പാസാവുകയും ചെയ്യുകയായിരുന്നു.
ഭരണഘടനയുടെ പതിനഞ്ചാം വകുപ്പില്‍ “സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസ്സമില്ലെ”ന്ന 6ാം അനുച്ഛേദമാണു ഭേദഗതിയായി ലോക്സഭ കൂട്ടിച്ചേര്‍ത്തത്. സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു വ്യവസ്ഥ ബാധകമാണ്, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു ബാധകമല്ല. 10% ആണു പരമാവധി സംവരണ പരിധി. തവര്‍ചന്ദ് ഗെലോട്ടായിരുന്നു ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
പിന്നീട് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ബില്‍ നിയമമാവുകയും ചെയ്യുകയായിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ സംവരണ ബില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടന സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.