ജാതി സെന്‍സെസ് വൈകുന്നത് രാജ്യത്തിന് നാണക്കേട്; ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി
national news
ജാതി സെന്‍സെസ് വൈകുന്നത് രാജ്യത്തിന് നാണക്കേട്; ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 8:46 am

ഹൈദരാബാദ്: ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന്
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. പട്ടിക ജാതി- പട്ടിക വര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ പ്രായപരിധി വര്‍ധിപ്പിക്കണമെന്ന് ഹൈദരാബാദില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

സംവരണം ജനസംഖ്യാനുപാതികമാക്കുന്നത് കോണ്‍ഗ്രസിന്റെ നിലപാടാണെന്നും ജാതി സെന്‍സെസ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് ഇതിന്റെ പശ്ചാത്തലത്തിലാണെന്നും എ.ഐ.സി.സി കമ്മ്യൂണിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ പവന്‍ ഖേര അറിയിച്ചു. ജാതി സംവരണം നടത്തുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ വിമുഖത കാണിക്കുകകയാണെന്നും പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി.

2021ല്‍ നടത്തേണ്ട സെന്‍സെസ് ഇതുവരെ നടത്താത്തത് രാാജ്യത്തിന് അന്തര്‍ദേശീയ തലത്തില്‍ തന്നെ നാണക്കേടാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളോടും ദളിതരോടുമുള്ള ബി.ജെ.പിയുടെ പക്ഷാപാതമായ നിലപാടാണ് ഇതിലൂടെ ബോധ്യമാകുന്നതെന്നും പ്രവര്‍ത്തക സമിതി വിമര്‍ശിച്ചു.

രാജ്യവ്യാപകമായി പ്രതിപക്ഷം ജാതി സെന്‍സസിനായി സമ്മര്‍ദം ചെലുത്തുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇതിന് അംഗീകാരം നല്‍കുന്നത്. സംവരണ വിഷയത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കാന്‍ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
സെപ്റ്റംബര്‍ 13ന് ദല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ ആദ്യ ഏകോപന സമിതി യോഗത്തില്‍ ജാതി സെന്‍സസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു. ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിവരുകയാണ്.

അതേമസയം, പുനസംഘടനക്ക് ശേഷം ആദ്യമായി നടന്ന രണ്ട് ദിവസത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. വ്യക്തിതാത്പര്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.


Content Highlight: Reservation should be implemented in proportion to population Congress Working Committee