തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലെ സംവരണം സംബന്ധിച്ച് വിവരാവകാശ പ്രകാരമുന്നയിച്ച ചോദ്യത്തിന് ലഭിച്ചത് സര്‍വകലാശാലയില്‍ നിലവില്‍ സംവരണം ഇല്ലെന്ന മറുപടി.
തിരുവനന്തപുരം ലോ അക്കാദമി ലോക കോളേജിലെ സംവരണവുമായി ബന്ധപ്പെട്ട് വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ അജയ്കുമാര്‍ എന്നയാളാണ് കേരള യൂണിവേഴ്‌സിറ്റിക്ക് വിവരവാകാശ അപേക്ഷ അയച്ചത്.
അക്കാദമിയില്‍നിന്നും കഴിഞ്ഞ അധ്യായന വര്‍ഷങ്ങളില്‍ ഓരോ കോഴ്സിനും പ്രവേശനം നേടിയിട്ടുള്ള ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളുടെ എണ്ണം എത്രയാണെന്നായിരുന്നു അജയ് കുമാര്‍ സര്‍വ്വകലാശാലയോടു ചോദിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത ചോദ്യത്തിന് എണ്ണം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല എന്ന മറുപടിയാണ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ചിട്ടുള്ളത്.
സര്‍വകാലശാലക്ക് അതിന്റെ കീഴിലുള്ള ഒരു കോളേജിലെ 560 കുട്ടികളില്‍ എത്ര പട്ടികജാതിക്കാര്‍ ഉണ്ടെന്ന് അറിയില്ലെന്നായിരുന്നു മറുപടി.
കേരളത്തിലെ 4 സര്‍ക്കാര്‍ ലോ കോളേജിലും 8 സ്വശ്രയകോളേജിലുമായി ത്രിവത്സര എല്‍.എല്‍.ബിക്ക് ആകെ 645 മെറിറ്റ് സീറ്റുകളാണ് ഉള്ളത് ഇതില്‍ പത്ത് ശതമാനം സംവരണവും ഉണ്ടെന്നാണ് എന്‍ട്രന്‍സ് കമീഷണര്‍ പുറത്തിറക്കിയ പ്രോസ്‌പെക്ടസില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ ലോ അക്കാദമി ഉള്‍പ്പെടില്ല.
ലോ അക്കാദമിയില്‍ മാത്രം ത്രിവത്സര എല്‍.എല്‍.ബിക്ക് 330 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. പഞ്ചവല്‍സര എല്‍.എല്‍.ബി ക്ക് മറ്റൊരു 160 സീറ്റും അനുവദിച്ചിട്ടുണ്ട്. പക്ഷെ ഈ സീറ്റുകളിലൊന്നും സംവരണം ഇല്ലെന്നാണ് വിവരാവകാശപ്രകാരം ലഭിച്ചിരിക്കുന്ന മറുപടി.
ലോ അക്കാദമിക്കു സര്‍വ്വകലാശാല അഫിലിയേഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 1993ല്‍ അഫിലിയേഷന്‍ നല്‍കയിട്ടുണ്ടെന്നും സര്‍വ്വകലാശാല ഉത്തരമായി നല്‍കിയിട്ടുണ്ട്. അതുസംബന്ധിച്ചുള്ള രേഖകളുടെ പകര്‍പ്പ് വിവരാവകാശ വിഭാഗത്തില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ സര്‍വ്വകലാശാല വ്യക്തമാക്കുന്നു.
സമരത്തിന്റെ സമയത്തുപോലും ഇത്ര ഗുരുരുതരമായ സാമൂഹ്യനീതിയുടെ പ്രശ്‌നം ആരും ഉയര്‍ത്തിക്കണ്ടില്ലെന്നും വിഷയത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും അജയ് കുമാര്‍ പറയുന്നു.