മിശ്രവിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ മുന്നാക്ക സമുദായത്തില്‍പ്പെട്ടവരാണെങ്കില്‍ മക്കള്‍ക്ക് സംവരണത്തിന് അവകാശമില്ലെന്നും ഇത്തരക്കാര്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും സംസ്ഥാന പിന്നാക്കവിഭാഗ വകുപ്പ്. പിന്നാക്കവിഭാഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി അണ്ടര്‍ സെക്രട്ടറി കാസര്‍കോട് കളക്ടര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിക്കുകയാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഹയര്‍സെക്കണ്ടറി, ഡിഗ്രി, പ്രൊഫഷണല്‍ കോളേജുകളുടെ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കെ റവന്യു അധികൃതരുടെ നടപടി മൂലം വിദ്യാര്‍ത്ഥികള്‍ വലയുകയാണ്.
ഇത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുകയാണ് കെ.എല്‍.സി.എ ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്. പിന്നാക്കവിഭാഗ കമ്മീഷനും വകുപ്പ് മന്ത്രിയ്ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്ന് ഷെറി ജെ. തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“എസ്.എസ്.എല്‍സി ബുക്കിലും മറ്റു രേഖകളിലും ലത്തീന്‍ കത്തോലിക്ക എന്നു രേഖപ്പെടുത്തിയ മിശ്രവിവാഹിതരുടെ മക്കള്‍ക്കു നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കരുതെന്നാവശ്യപ്പെട്ടാണു പരാതി നല്‍കിയത്. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാനദണ്ഡങ്ങളില്‍ മിശ്രവിവാഹിതരുടെ മക്കളെ ഒഴിവാക്കണമെന്നു പറഞ്ഞിട്ടില്ല.”
പഠനത്തിനും ജോലിക്കും സംവരണാവശ്യങ്ങള്‍ക്കായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ സാമൂഹിക അവസ്ഥയാണു നോക്കേണ്ടതെന്ന സര്‍ക്കാര്‍ സര്‍ക്കുലറുകളും കുറിപ്പുകളും തെറ്റായി വ്യാഖ്യാനിച്ച് അവരില്‍ ഒരാള്‍ മുന്നാക്കവിഭാഗത്തില്‍പ്പെടുന്നുവെങ്കില്‍ മക്കള്‍ക്കു സര്‍ട്ടിഫിക്കറ്റ് നിരസിക്കുന്ന പ്രവണത കൂടിവരികയാണ്. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ഒ.ബി.സി സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കെയാണു തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വില്ലേജ് ഓഫീസര്‍മാര്‍ക്കും വിഷയത്തില്‍ വലിയ ധാരണയില്ലെന്ന് പരാതിക്കാരിലൊരാളായ സിജോ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “പി.എസ്.സിയുടെ വെരിഫിക്കേഷനുവേണ്ടിയാണ് സമീപിച്ചത്. വില്ലേജിലുള്ളവര്‍ക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ല. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റില്ലെങ്കില്‍ റിജക്ഷന്‍ ലെറ്റര്‍ തരാന്‍ ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ അവര്‍ അതിനു തയ്യാറായില്ല. കാരണം റിജക്ഷന്‍ തരണമെങ്കില്‍ അവര്‍ക്ക് സര്‍ക്കുലറിനെക്കുറിച്ച് ധാരണ വേണം.” സിജോ പറഞ്ഞു.
പിന്നീട് സര്‍ക്കുലര്‍ തങ്ങള്‍ കാണിച്ചുകൊടുത്തതിനു ശേഷമാണ് വില്ലേജ് ഓഫീസര്‍ ലെറ്റര്‍ തരാന്‍ തയ്യാറായതെന്നും സിജോ ഡൂള്‍ന്യൂസിനോട് പറഞ്ഞു. മുന്‍പും ഇത്തരം ആനുകൂല്യങ്ങള്‍ കൊടുത്തിരുന്നതാണ്. ഹൈക്കോടതി, സുപ്രീംകോടതി നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ ഉണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു ഉത്തരവും ഇറക്കിയിട്ടില്ല. 1979 ലെ ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. മിശ്രവിവാഹിതരില്‍ ഒരാള്‍ പിന്നാക്കവിഭാഗക്കാരാണെങ്കില്‍ സംവരണം നല്‍കണമെന്നാണ് 79 ലെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് പിന്നാക്ക വികസന കോര്‍പ്പറേഷനെ സമീപിച്ചപ്പോള്‍ തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും സിജോ പറയുന്നു.
“അവര്‍ രാംനന്ദന്‍ പ്രസാദ് കമ്മിഷന്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തങ്ങള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തില്‍ ഒരു റിപ്പോര്‍ട്ടും ഇല്ല. റിപ്പോര്‍ട്ടിലെ ഒരു ഭാഗം അവര്‍ തെറ്റായി വ്യാഖ്യാനിച്ചതാണ്. മിശ്രവിവാഹിതരുടെ വരുമാനം ആണ് കണക്കാക്കേണ്ടത്. അവരുടെ സ്റ്റാറ്റസ് എന്നത് പദവിയെ ഉദ്ദേശിച്ചാണ്. അല്ലാതെ ജാതി ഉദ്ദേശിച്ചിട്ടല്ല. നിയമസഭയില്‍ വിഷയം ജനപ്രതിനിധികള്‍ ഉന്നയിച്ചപ്പോള്‍ വ്യക്തമായ സര്‍ക്കുലര്‍ ഉടന്‍ പുറപ്പെടുവിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.”
വിഷയത്തില്‍ വ്യക്തത വരുത്തി സര്‍ക്കുലറിറക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചിട്ടുണ്ട്. അതുവരെ നിലവിലെ സ്ഥിതി തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിശ്രവിവാഹിതരില്‍ ഒരാള്‍ പട്ടിക വിഭാഗമാണെങ്കില്‍ മക്കള്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ നിലവില്‍ തടസ്സമില്ല. എന്നാല്‍ മിശ്രവിവാഹിതരില്‍ ഒരാള്‍ മറ്റ് പിന്നാക്കവിഭാഗമാണെങ്കില്‍ മേല്‍ത്തട്ട് പരിധി ബാധകമാകുന്നുണ്ട്. സുപ്രീംകോടതി വിധിയാണ് ഇതിന്റെ അടിസ്ഥാനം. പട്ടികവിഭാഗക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന മാതൃകയില്‍ ഒ.ബി.സി വിഭാഗത്തിനും ലഭ്യമാക്കാന്‍ ഉത്തരവിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയ് 11 നാണ് പിന്നാക്കവിഭാഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി അണ്ടര്‍ സെക്രട്ടറി കാസര്‍കോട് കളക്ടര്‍ക്ക് അയച്ച കത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണാനുകൂല്യം നിഷേധിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. ദമ്പതിമാരിലൊരാള്‍ മുന്നാക്ക ജാതിയിലും ഒരാള്‍ പിന്നാക്ക ജാതിയിലുമാണെങ്കില്‍ അവര്‍ക്ക് സാമൂഹികമായി പിന്നാക്കാവസ്ഥയില്ലെന്നാണ് കത്തില്‍ പറയുന്നത്.
ജി.ഒ.(എം.എസ്.) 806/79 ഉത്തരവുപ്രകാരമാണ് ഇപ്പോള്‍ ഒ.ബി.സി.ക്കാരിലെ മിശ്രവിവാഹിതരുടെ കുട്ടികള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റും നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചുവരുന്നത്. ഈ ഉത്തരവുപ്രകാരം മാതാപിതാക്കളില്‍ ഒരാള്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്.
വിവാഹമോചനം നേടിയവരുടെ കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കും. ഈ ഉത്തരവുപ്രകാരമാണ് ഒ.ബി.സി.ക്കാരിലെ മിശ്രവിവാഹിതരുടെ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടതെന്ന് 2010 മാര്‍ച്ച് 11-ന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എല്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവും കമ്മിഷണറുടെ ഉത്തരവും നിലവിലിരിക്കേയാണ് പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ വിചിത്രമായ നിര്‍ദേശം.
നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലും ഇങ്ങനെയൊരുകാര്യം പറയുന്നില്ല. ഒ.ബി.സി.ക്കാരില്‍ ഉയര്‍ന്ന നിലയിലുള്ളവരെ കണ്ടെത്തുന്നതിന് മാതാപിതാക്കള്‍ ജോലിചെയ്യുന്ന തസ്തികയുടെ പദവിയോ വാര്‍ഷിക വരുമാനമോ ആണ് കണക്കിലെടുക്കുന്നത്.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എയായ ഹൈബി ഈഡന്‍ മന്ത്രി എ.കെ ബാലന് കത്തയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” എസ്.എസ്.എല്‍.സി ബുക്കില്‍ ഉള്‍പ്പെടെ പിന്നാക്ക വിഭാഗമെന്നു രേഖപ്പെടുത്തിയ മിശ്രവിവാഹിതരുടെ മക്കള്‍ക്കു നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സംവരണം നിഷേധിക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥര്‍ നിക്ഷിപ്ത താല്‍പര്യത്തോടെ സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യാഖ്യാനിക്കുന്നതാണു പ്രശ്‌നം. മാതാപിതാക്കളില്‍ ഒരാള്‍ സുറിയാനി കത്തോലിക്ക വിഭാഗത്തിലും രണ്ടാമത്തെയാള്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലും ഉള്‍പ്പെട്ടവരാണെന്നു കരുതുക. രേഖകളില്‍ കുടുംബം പിന്നാക്ക വിഭാഗമായ ലത്തീന്‍ കത്തോലിക്കയിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും അവരുടെ കുട്ടികള്‍ക്കു നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല.”- ഹൈബി ഈഡന്‍ പറഞ്ഞു.
അച്ഛനാണോ അമ്മയാണോ പിന്നാക്ക ജാതി എന്നതിലല്ല, ഏത് അവസ്ഥയിലാണു കുട്ടി വളരുന്നതെന്നു പരിഗണിച്ചാണു കുട്ടിയുടെ ജാതി നിര്‍ണയിക്കേണ്ടതെന്നു 2012ല്‍ രമേഷ് ബാബു കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നുവെന്നും ചില ഉദ്യോഗസ്ഥരുടെ കത്തുകളുടെ അടിസ്ഥാനത്തില്‍, മിശ്രവിവാഹിതരില്‍ ആരെങ്കിലും മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ മക്കള്‍ക്കു നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലത്തീന്‍ കത്തോലിക്ക-സുറിയാനി കത്തോലിക്ക മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെ ഷെറി ജെ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ലത്തീന്‍ ആചാര പ്രകാരം സമുദായിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റിന് അവകാശമുണ്ടെന്നാണ് സുപ്രീം കോടതി വിധി. ഇത്തരം മിശ്രവിവാഹിതരുടെ മക്കള്‍ക്ക് സ്‌കൂള്‍ രേഖകളിലും മറ്റും ലത്തീന്‍ കത്തോലിക്കയെന്ന് രേഖപ്പെടുത്തും. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള മാനദണ്ഡങ്ങളില്‍ മിശ്രവിവാഹിതരുടെ മക്കളെ ഒഴിവാക്കിയിട്ടില്ല. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ഒ.ബി.സി സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്.
മിശ്രവിവാഹിതരില്‍ ഒരാള്‍ പട്ടികജാതി-വര്‍ഗ വിഭാഗമാണെങ്കില്‍ അവരുടെ മക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് 2009-ലെ ഉത്തരവുപ്രകാരമാണ്. ഇതുപ്രകാരം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലാണെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് പട്ടികജാതി-വര്‍ഗ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടാവുകയുള്ളൂ. മാതാപിതാക്കളില്‍ ഒരാള്‍ മുന്നാക്ക വിഭാഗക്കാരനാണെങ്കില്‍ കുട്ടികള്‍ക്ക് സാമൂഹിക പിന്നാക്കാവസ്ഥ ഉണ്ടാകില്ലെന്ന നിര്‍ദേശം ഈ ഉത്തരവിനെയും ബാധിക്കുമെന്നും ആശങ്കയുണ്ട്.
നേരത്തെ ഒ.ബി.സി. വിഭാഗക്കാരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്ന മുന്നാക്കക്കാര്‍ക്ക് എംപ്ലോയ്മെന്റ് നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന പിന്നാക്ക വികസന വകുപ്പിന്റെ തീരുമാനം വിവാദമായിരുന്നു. ഭരണഘടനയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണിതെന്നായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിലയിരുത്തിയത്.
ഒ.ബി.സി.ക്കാരെ വിവാഹം കഴിക്കുന്ന മുന്നാക്കക്കാരുടെ ജാതി, വിവാഹത്തിന് മുന്‍പ് നിശ്ചയിക്കപ്പെട്ടതിനാലാണ് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കാത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എസ്.സി, എസ്.ടി. വിഭാഗക്കാരെ വിവാഹം കഴിച്ച മുന്നാക്കക്കാര്‍ക്ക് എംപ്ലോയ്മെന്റ് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഒ.ബി.സി.ക്കാരെ വിവാഹം കഴിക്കുന്ന മുന്നാക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയില്ലെന്ന ന്യായം ഭരണഘടന നല്‍കുന്ന തുല്യനീതിയുടെയും തുല്യ അവസരത്തിന്റെയും നിഷേധമാണെന്ന് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് വ്യക്തമാക്കിയിരുന്നു.
നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യണം.?
പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ട് നിരസിക്കപ്പെട്ടുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും രേഖാമൂലം ഏഴുതി വാങ്ങി വിവരം അറിയിക്കണം.
ഉദ്യോഗാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മാത്രം സ്റ്റാറ്റസ് വിലയിരുത്തിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികളുടെയും സഹോദരങ്ങളുടെയും അവര്‍ വിവാഹിതരാണെങ്കില്‍ പങ്കാളികളുടെയും വരുമാനമോ, പദവിയോ പരിഗണിക്കാന്‍ പാടില്ല. മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍ നേരിട്ട് പ്രവേശിച്ച പദവിയാണ് പരിഗണിക്കേണ്ടത്. ക്‌ളാസ് ഒന്ന്, ക്‌ളാസ് രണ്ട്, ഗ്രൂപ്പ് എ, ബി പദവികളില്‍ നേരിട്ട് നിയമനം ലഭിച്ചവര്‍ മാത്രമേ ക്രീമിലെയര്‍ വിഭാഗത്തില്‍ വരികയുള്ളൂ.
കൃഷിക്കാരാണെങ്കില്‍ അവര്‍ക്ക് സ്വന്തമായി അഞ്ച് ഹെക്ടറോ അതില്‍ കൂടുതലോ കൃഷിഭൂമി ഉണ്ടാവണം. യാതൊരു കാരണവശാലും ശമ്പളമോ കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമോ കണക്കുകൂട്ടി 4.5 ലക്ഷത്തിനു മുകളില്‍ വരുമാനമുണ്ടെന്ന് കണ്ടെത്തി സര്‍ട്ടിഫിക്കറ്റ് നിരസിക്കാന്‍ പാടില്ല. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കളുടെ ശമ്പളവരുമാനവും കാര്‍ഷിക വരുമാനവും വെവ്വേറെ നാലരലക്ഷത്തിലധികമായിരുന്നാലും മറ്റുതരത്തിലുളള വരുമാനം നാലര ലക്ഷത്തില്‍ താഴെയായിരുന്നാല്‍ സംവരണത്തിന്റെ അര്‍ഹത ലഭിക്കുമെന്നാണ്.
വരുമാനം കണക്കിലെടുക്കുന്നത് അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍, സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍, സാഹിത്യകാരന്‍മാര്‍, ബിസിനസ്സിലും വ്യവസായത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ നഗരപ്രദേശങ്ങളിലെ വസ്തുവും കെട്ടിടവും വഴി വരുമാനമുള്ളവര്‍ തുടങ്ങിയവരുടേതാണ്. അത്തരത്തിലുള്ള വരുമാനം തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
WATCH THIS VIDEO: