| Tuesday, 18th December 2012, 12:50 am

ഉദ്യോഗക്കയറ്റ സംവരണ ബില്‍ രാജ്യസഭ പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പട്ടികജാതി-പട്ടിക വര്‍ഗ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തില്‍ സംവരണം അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി.

245 അംഗ സഭയില്‍ പത്തിനെതിരേ 206 വോട്ടിനായിരുന്നു 117ാമത് ഭരണഘടനാ ഭേദഗതി പാസായത്. സഭയില്‍ 216 അംഗങ്ങള്‍ ഹാജരുണ്ടായിരുന്നു. സ്വതന്ത്രനായ മുഹമ്മദ് അദീബും ഒമ്പത് എസ്.പി. അംഗങ്ങളുമാണ് ഭേദഗതിയെ എതിര്‍ത്തത്.[]

മുഖ്യപ്രതിപക്ഷമായ ബി.ജെ.പി കൂടി പിന്തുണച്ചതോടെയാണ് യു.പി.എ ന്യൂനപക്ഷമായിരുന്നിട്ടും ബില്‍ രാജ്യസഭയില്‍ മികച്ച ഭൂരിപക്ഷത്തില്‍ പാസായത്.

അടുത്ത ദിവസം ലോക്‌സഭയില്‍ വെക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്ന് മുലായംസിങ് വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ പാസാക്കിയാല്‍ യു.പി.എക്കുള്ള പുറംപിന്തുണ പിന്‍വലിക്കുമെന്ന മുലയത്തിന്റെ ഭീഷണി വകവെക്കാതെയാണ് സര്‍ക്കാര്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് നടത്തിയത്.

രണ്ടു ദിവസത്തെ ചര്‍ച്ചക്ക് ശേഷമാണ് ബില്‍ വോട്ടിനിട്ടത്. മുഖ്യപ്രതിപക്ഷമായ ബി.ജെ.പി നിര്‍ദേശിച്ച ഭേദഗതി സര്‍ക്കാര്‍  പരിഗണിക്കാമെന്ന് അറിയിച്ചതോടെയാണ് ബില്ലിന് പ്രതിപക്ഷ പിന്തുണ ഉറപ്പായത്.

സംവരണ പ്രകാരം ഉദ്യോഗക്കയറ്റം നേടുന്നവരുടെ മികവുകൂടി പരിഗണിക്കണമെന്ന ഭരണഘടനാ ചട്ടം335 കൂടി ഉള്‍പ്പെടുത്തിയാണ് ബില്‍ പാസാക്കിയത്. ബില്‍ ഇനി ലോക്‌സഭയും പാസാക്കണം. 22 അംഗ സമാജ്‌വാദി പാര്‍ട്ടിയുടെ എതിര്‍പ്പിനെ മറികടന്ന് ബില്‍ ലോക്‌സഭയില്‍ പാസാക്കുക ബുദ്ധിമുട്ടാണ്.

നേരത്തെ ബില്ലിനെ എതിര്‍ത്ത ശിവസേനയിലെ നാലുപേര്‍ വോട്ടെടുപ്പുവേളയില്‍ സഭയില്‍ ഹാജരായില്ല. വിശദമായ പഠനത്തിന് ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടാനുള്ള എസ്.പിയുടെ അവസാനവട്ട ശ്രമം പാഴായി.

ബി.എസ്.പി അധ്യക്ഷ മായാവതി ചില്ലറ വ്യാപാര മേഖലയിലെ എഫ്.ഡി.ഐക്കു നല്‍കിയ പിന്തുണയ്ക്കു പകരമായി സംവരണ ബില്‍ പാസാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. യു.പി.എ സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന എസ്.പി ഇതിനെ എതിര്‍ത്തു വരികയാണ്. ഇന്നലെ അരമണിക്കൂറോളം രാജ്യസഭയും ലോക്‌സഭയും പൂര്‍ണമായും എസ്.പി സ്തംഭിപ്പിച്ചു.

കേന്ദ്ര സെക്രട്ടറിതല പദവികളില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ നന്നേ കുറവാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമി വ്യക്തമാക്കി.

സംവരണത്തിലൂടെ ഇവരെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനു പുറമേ സംസ്ഥാന സര്‍ക്കാരുകള്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ വരുന്ന ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിടാന്‍ താല്‍പര്യമെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

We use cookies to give you the best possible experience. Learn more