അക്രമം തുടര്‍ന്നാല്‍ സംവരണ പ്രക്ഷോഭം അവസാനിപ്പിക്കും: മനോജ് ജാരന്‍ഗെ
national news
അക്രമം തുടര്‍ന്നാല്‍ സംവരണ പ്രക്ഷോഭം അവസാനിപ്പിക്കും: മനോജ് ജാരന്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2023, 11:05 pm

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത സംവരണത്തിനായി നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ബീഡ്, ഛത്രപതി സംഭാജി നഗര്‍ ജില്ലകളിലെ നിരവധി നിയമസഭാംഗങ്ങളുടെ വീടുകളും ഓഫീസുകളും പ്രതിഷേധക്കാര്‍ ആക്രമിക്കുകയും തീവെക്കുകയും ചെയ്തു.

സംവരണത്തിനായുള്ള ഇടക്കാല നടപടികള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രഖ്യാപിക്കുകയും സമാധാനത്തിനായുള്ള അഭ്യര്‍ത്ഥനകള്‍ പുറപ്പെടുവിക്കുകയും ചെയ്തതിന് ശേഷമാണ് സംസ്ഥാനത്ത് അക്രമം നടന്നത്.

ചര്‍ച്ച നടത്തണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിച്ച് സംവരണ പ്രവര്‍ത്തകനായ മനോജ് ജാരന്‍ഗെ ഉപവാസ സമരത്തിലായിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഇനിയും ആക്രമണം അഴിച്ചു വിടുകയാണെങ്കില്‍ പ്രക്ഷോഭം അവസാനിപ്പിക്കുമെന്നും അക്രമം പ്രക്ഷോഭത്തിന് ചീത്തപ്പേര് നല്‍കുമെന്നും ജാരന്‍ഗെ അറിയിച്ചു.

മറ്റ് പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) നിന്നുള്ള ആളുകള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം, സംവരണ ആനുകൂല്യം എന്നിവ കൃത്യമായി ലഭിക്കുന്നതിനായി എല്ലാ മാറാത്തക്കാരെയും കുമ്പികളെയും (മാറാത്തയുടെ ഒരു ഉപജാതി) ഒരുപോലെ പരിഗണിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം പ്രതിഷേധക്കാരെ സമാധാനിപ്പിക്കാന്‍ കുമ്പികള്‍ക്ക് ഉപജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ മഹാ വികാസ് അഘാഡിയുടെ ഒരു പ്രതിനിധി സംഘം ഗവര്‍ണര്‍ രമേഷ് ബെയ്സിനെ സന്ദര്‍ശിക്കുകയും, പരിഹാരത്തിനായി ഇടപെടണമെന്നും മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Content Highlights: Reservation agitation will end if violence continues: Manoj Jarange