ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. മറാത്താ സംവരണ കേസുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആണ് കേരളം നിലപാട് വ്യക്തമാക്കിയത്.
സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ആകണമെന്നും കേരളം സുപ്രീം കോടതിയില്‍ വാദിച്ചു. നിലവില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്.
സുപ്രീം കോടതി ഭരണഘടന ബെഞ്ച് 1992-ല്‍ ഇന്ദിര സാഹ്നി കേസില്‍ വിധി പ്രസ്താവിച്ചപ്പോള്‍ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാല്‍ ആ വിധി വന്ന ശേഷം കാലം മാറി. സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവില്‍ സംവരണത്തിനായുള്ള ഘടകമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
‘ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിര്‍മാണ സഭകള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരം’, കേരളം കോടതിയില്‍ വാദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Reservation 50% More Kerala Stand Supreme Court Indira Sahni Case