കാലങ്ങളായി ഫെലോഷിപ്പ് മുടങ്ങി ഗവേഷണ വിദ്യാർത്ഥികൾ; സെക്രട്ടറിയേറ്റിൽ സമരം
തിരുവനന്തപുരം: കേരളത്തിലെ എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങളിലെ ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പ് കുറേ കാലമായി മുടങ്ങിക്കിടക്കുന്നതിനെതിരെ വിദ്യാർത്ഥികളുടെ സെക്രട്ടറിയേറ്റ് മാർച്ച്.
ചില വിദ്യാർത്ഥികൾക്ക് മാസങ്ങളും മറ്റു ചിലർക്ക് വർഷങ്ങളുമായി മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, എസ്.സി, എസ്.ടി കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതിന്റെ തുടർച്ചയായാണ് ‘പയ്ക്കിഞ്ചന’ എന്ന പേരിൽ വിദ്യാർത്ഥികൾ സെക്രട്ടറിയേറ്റിൽ സമരം നടത്തിയത്.
പട്ടിക ജാതി, പട്ടിക വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെ കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും അനുകൂല സമീപനം ഉണ്ടായില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഫെലോഷിപ്പ് തുകയുടെ കുടിശ്ശിക കൊടുത്തു തീർത്തുവെന്നും എസ്.സി, എസ്.ടി വിഭാഗത്തിൽ കുറച്ച് മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് മന്ത്രി പറഞ്ഞതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
എസ്.സി, എസ്.ടി ക്ഷേമകാര്യ വകുപ്പ് ഫണ്ടില്ല എന്ന് പറയുമ്പോൾ ധനകാര്യ വകുപ്പിൽ നിന്ന് ഫണ്ടിന്റെ അഭാവമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.
അതേസമയം, ഒ.ബി.സി ഗവേഷണ വിദ്യാർത്ഥികളുടെ ഫെലോഷിപ്പ് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു. 275 കോടി രൂപയോളം ഒ.ബി.സി വിഭാഗത്തിൽ മാത്രമായി വകയിരുത്താനുണ്ടെന്നും ഇനിയും പത്ത് മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
Content Highlight: Research students protest against Long stacking fellowships at Secreteriat