സമുദായ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളാകട്ടെ
DISCOURSE
സമുദായ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളാകട്ടെ
നീതു കെ.ആര്‍.
Monday, 2nd May 2022, 3:49 pm
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടാന്‍ നിര്‍ദ്ദേശിക്കുന്ന പതിനൊന്നാം വകുപ്പ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് പി.പി. ഉമ്മര്‍കോയ കേരള വിദ്യാഭ്യാസ നിയമത്തിന് ഒരു ഭേദഗതി കൊണ്ടുവന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നുവരെ മാറിമാറി വന്ന ഒരൊറ്റ സര്‍ക്കാരും താത്കാലികമായി അന്നെടുത്തു കളഞ്ഞ ആ വകുപ്പ് പുനഃസ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തിട്ടില്ല. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് തങ്ങളുടെ സമുദായങ്ങള്‍ കയ്യാളുന്ന വിദ്യാഭാസ സ്ഥാപനങ്ങളില്‍ ജോലി നേടി സ്വന്തം നില ഭദ്രമാക്കാം. അല്ലാത്തവര്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. ഇന്ന് ഒരു കോളേജ് അധ്യാപകരാവാന്‍ മാനേജ്മെന്റ് വാങ്ങുന്നത് 60 ലക്ഷം മുതല്‍ ഒരു കോടി വരെയാണ്.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് നല്‍കണമെന്ന ആവശ്യം ഇതിന് മുന്‍പും പല സംഘടനകളും വ്യക്തികളും സര്‍ക്കാറും ഉയര്‍ത്തിക്കൊണ്ടിരുന്ന വിഷയമാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാലയ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തയ്യാറാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഈ വിഷയത്തെ വീണ്ടും ചര്‍ച്ചയ്ക്ക് വെച്ചിരിക്കുകയാണ്.

നേരത്തേ എം.ഇ.എസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഭരണഘടനാനുസൃതവും ജനാധിപത്യപരവും സാമൂഹ്യപരവുമായ തീരുമാനമായാണ് ഇവര്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഓരോ സമുദായത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനത്തില്‍ ശരിയായ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി വഴിനടക്കുക തന്നെ വേണം. ഈ ആവശ്യം എത്രയോ കാലം മുന്നേ ഉയര്‍ന്നു വന്നിട്ടുള്ളതാണ്.

1957 ജൂലൈയില്‍ ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബില്ല് കേരള നിയമസഭ അംഗീകരിക്കുകയും പ്രസിഡന്റ് ഒപ്പിടുന്നതിനു മുമ്പായി ബില്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് പോവുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമായി.

ജോസഫ് മുണ്ടശ്ശേരി

വാദങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ ബില്ലില്‍ 1959 ഫെബ്രുവരി മാസം പ്രസിഡന്റ് ഒപ്പിടുകയും അത് കേരള വിദ്യാഭ്യാസ നിയമമായി മാറുകയും ചെയ്തു. തുടര്‍ന്നുണ്ടായ വിമോചന സമരത്തിന്റെ അവസാനം ഇ.എം.എസ് സര്‍ക്കാര്‍ പിരിച്ചു വിടുകയുണ്ടായി. പിന്നീട് അധികാരത്തില്‍ വന്ന പി.എസ്.പി- കോണ്‍ഗ്രസ് മുന്നണി സര്‍ക്കാറില്‍ പി.പി. ഉമ്മര്‍കോയ വിദ്യാഭ്യാസ മന്ത്രിയായി അധികാരമേറ്റു.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടാന്‍ നിര്‍ദ്ദേശിക്കുന്ന പതിനൊന്നാം വകുപ്പ് താത്കാലികമായി സസ്പെന്‍ഡ് ചെയ്തുകൊണ്ട് പി.പി. ഉമ്മര്‍കോയ കേരള വിദ്യാഭ്യാസ നിയമത്തിന് ഒരു ഭേദഗതി കൊണ്ടുവന്നു. ഇത് താത്കാലികമാണെന്നും വൈകാതെ ഈ വകുപ്പ് പുന:സ്ഥാപിക്കുമെന്നുമായിരുന്നു അദ്ദേഹം അന്ന് അവകാശപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നുവരെ മാറിമാറി വന്ന ഒരൊറ്റ സര്‍ക്കാരും താത്കാലികമായി അന്നെടുത്തു കളഞ്ഞ ആ വകുപ്പ് പുനഃസ്ഥാപിക്കാന്‍ മുന്‍കൈ എടുത്തിട്ടില്ല. ഇന്നും നമ്മള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നേ ഉള്ളു.

പി.പി. ഉമ്മര്‍കോയ

തിരുവിതാംകൂറില്‍ വര്‍ധിച്ചു വന്നിരുന്ന വിദ്യാഭാസ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് 1869 ല്‍ ഗ്രാന്റ്- ഇന്‍ എയ്ഡഡ് അഥവാ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നത്. വിദ്യാഭ്യാസ പുരോഗതിയില്‍ ഇവ വലിയ പങ്കു വഹിച്ചെങ്കിലും പിന്നീട് ഈ മേഖല സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തിക അനീതി വളരെ വലുതാണ്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറിയാണ് ഈ സ്ഥാപനങ്ങള്‍ വളര്‍ന്നുവന്നത്. സമുദായാധിഷ്ഠിതമായി വിദ്യാഭ്യാസവും അതേ മാനദണ്ഡത്തില്‍ തൊഴിലും അതിലൂടെ സാമ്പത്തിക അഭിവൃദ്ധിയും എന്ന രീതിയാണ് ഇവിടെ തുടര്‍ന്നുവരുന്നത്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറെയും എയ്ഡഡ് മേഖലയിലാണുള്ളത്. ഓരോ സമുദായത്തിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങളില്‍ നിയമനം നടത്തുന്നത് മാനേജ്‌മെന്റും ശമ്പളം നല്‍കുന്നത് സര്‍ക്കാരുമാണ്. ഇതുതന്നെ ജനാധിപത്യ വിരുദ്ധമാണ്. മാത്രവുമല്ല, വലിയ തുക പ്രതിഫലം വാങ്ങിയാണ് ഈ വിദ്യാഭാസ സ്ഥാപനങ്ങളില്‍ നിയമനം നടക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് തങ്ങളുടെ സമുദായങ്ങള്‍ കയ്യാളുന്ന വിദ്യാഭാസ സ്ഥാപനങ്ങളില്‍ ജോലി നേടി സ്വന്തം നില ഭദ്രമാക്കാം. അല്ലാത്തവര്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു.

കേരളത്തിലെ എഴുപത്തിയെട്ട് ശതമാനം കോളേജുകളും എയ്ഡഡ് മേഖലയിലാണുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് (47%) കീഴിലും ബാക്കി മുസ്‌ലിം (19%), ഈഴവ (11%), നായര്‍ (10%) സമുദായങ്ങള്‍ക്ക് കീഴിലുമാണ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജുകളിലും നിയമനം നടക്കുന്നത് പ്രതിഫലം വാങ്ങിത്തന്നെയാണ്. ഇവിടെ ഭൂരിപക്ഷവും നായര്‍ സമുദായത്തില്‍ നിന്നുള്ളവരുമാണ്.

സ്വന്തമായി മാനേജ്‌മെന്റ് സ്ഥാപനങ്ങളില്ലാത്ത എസ്.സി/ എസ്.ടി അതി പിന്നാക്ക വിഭാഗങ്ങള്‍ ബാക്കി വരുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിന് കാത്തു നില്‍ക്കേണ്ടി വരുന്നതിനാല്‍ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം വിദ്യാഭാസ മേഖലയില്‍ കുറയുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകനിയമനം ഭരണഘടനാധിഷ്ഠിതമാകുമ്പോള്‍ എയ്ഡഡ് മേഖലയില്‍ അതത് സമുദായങ്ങള്‍ക്കാണ് നിയമനം ലഭിക്കുന്നത്. എയ്ഡസ് വിദ്യാലയങ്ങളിലെ നിയമന അട്ടിമറിയെക്കുറിച്ചും അതിലെ ഭരണഘടനാ വിരുദ്ധതയെക്കുറിച്ചും വിവിധ ദളിത് സംഘടനകള്‍ വര്‍ഷങ്ങളായി നിരന്തരം ചോദ്യം ചെയ്ത് വരുന്നുണ്ടായിരുന്നു.

സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളില്‍ സംവരണം ഉറപ്പാക്കണമെന്ന് യു.ജി.സി ആക്ട് നിലവിലുള്ളപ്പോഴും കോളേജ് അധ്യാപക നിയമനങ്ങളില്‍ സംവരണതത്വം പാലിക്കാറില്ല. പൊതുഫണ്ടില്‍ നിന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്ന കേന്ദ്ര സര്‍വകലാശാലകള്‍, സ്വയംഭരണ സര്‍വകലാശാലകള്‍, ഗവേഷണകേന്ദ്രങ്ങള്‍, ഗ്രാന്റ് ഇന്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും 15% എസ്.സി സംവരണവും 7.5% എസ്.ടി സംവരണവും നടപ്പാക്കേണ്ടതാണ് എന്ന് യു.ജി.സി പറയുന്നു.

ഈ വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നത് 2010ലാണ്. യു.ജി.സി നിയമപ്രകാരം സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധ്യാപക നിയമനത്തിന് അര്‍ഹരായ പത്ത് ആദിവാസി-ദളിത് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. 2015ല്‍ അനുകൂല വിധി വന്നെങ്കിലും അതിനെതിരെ എന്‍.എസ്.എസും, എസ്.എന്‍ ട്രസ്റ്റും അപ്പീലിനു പോയി. എയ്ഡഡ് സ്ഥാപനങ്ങള്‍ സ്വകാര്യ മാനേജ്‌മെന്റ് നടത്തുന്നതാണെന്നും അവിടെ സര്‍ക്കാര്‍ സംവരണ നിയമങ്ങള്‍ നടപ്പിലാക്കേണ്ടതില്ല എന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധി 2017ല്‍ വന്നു. കേസ് സുപ്രീംകോടതിയിലാണിപ്പോള്‍.

സംവരണ നിയമനം പോലും സമുദായത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തില്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ നിയമനം മുഴുവനായും പി.എസ്.സിക്ക് നല്‍കണമെന്നതിനോട് എതിര്‍ക്കുന്നത് പ്രബല സമുദായങ്ങള്‍ തന്നെയാകും. വലിയ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഇന്ന് ഒരു കോളേജ് അധ്യാപകരാവാന്‍ മാനേജ്‌മെന്റ് വാങ്ങുന്നത് 60 ലക്ഷം മുതല്‍ ഒരു കോടി വരെയാണ്. (വിഷയങ്ങള്‍ക്ക് അനുസരിച്ച് മാറ്റമുണ്ട്).

ഭരണഘടനയെയും നിയമ വ്യവസ്ഥകളേയും വെല്ലുവിളിച്ചു കൊണ്ട് എയ്ഡഡ് വിദ്യാലയ മാനേജ്‌മെന്റുകള്‍ ഇക്കാലമത്രയും നടത്തിയ നിയമനങ്ങളിലൂടെ കൈക്കലാക്കിയ തുക എത്രയോ വലുതാണ്. ഈ അനീതി സമൂഹത്തില്‍ ഉണ്ടാക്കുന്ന ഉച്ചനീചത്വം ചെറുതല്ല. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള, സമുദായാംഗങ്ങളില്‍ സാമ്പത്തിക ഭദ്രതയുള്ളവര്‍ പണം നല്‍കി ജോലി നേടി സര്‍ക്കാറിന്റെ ശമ്പളത്തില്‍ സാമ്പത്തികമായി വളര്‍ച്ച നേടുമ്പോള്‍ സമുദായ സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ലാത്തവരും സാമ്പത്തിക ശേഷിയില്ലാത്തവരും അതേ അവസ്ഥയില്‍ത്തന്നെ നിലനില്‍ക്കുന്നു.

പല മന്ത്രിസഭകളും മാറിമാറി വന്ന കാലത്തും ഇതേ പ്രശ്‌നം ഉന്നയിക്കപ്പെട്ടിരിക്കുന്നു. പല പ്രസ്താവനകളും ഉണ്ടായി. എന്നാല്‍ ഈ രീതി തുടരുകയാണുണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥത കയ്യാളുന്ന മാനേജ്‌മെന്റുകള്‍ ലഭ്യമായ സാമുദായിക രാഷ്ട്രീയാധികാരമുപയോഗിച്ച് സര്‍ക്കാറില്‍ തന്നെ സ്വാധീനം ചെലുത്താന്‍ മാത്രം അതിശക്തരാണ്. എയ്ഡഡ് മേഖലയിലെ ഈ അനീതി അംഗീകൃതമാണിന്ന്. ഇതില്‍ ഭരണഘടനാ ലംഘനമോ സാമൂഹിക നീതിയുടെ ലംഘനമോ നടക്കുന്നതായി സര്‍ക്കാറിനോ, പൊതുസമൂഹത്തിനോ അനുഭവപ്പെടുന്നില്ല എന്നതാണ് അതിശയം. ഈ നിയമന രീതി അതിനാല്‍ത്തന്നെ ചോദ്യം ചെയ്യാതെ അനുസ്യൂതം നടന്നുവരുന്നു.

മതം, ജാതി, പണം എന്നിവയാണ് ഇവിടെ അക്കാദമിക യോഗ്യതയേക്കാള്‍ അധിക യോഗ്യതയായി കണക്കാക്കുന്നത്. അവസര സമത്വവും പ്രാതിനിധ്യവും വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളില്‍ ഇനിയെങ്കിലും ഉറപ്പാക്കേണ്ടിയിരിക്കുന്നു. സംവരണതത്വം പോലും പാലിക്കപെടാത്ത ഇവിടെ നാമമാത്രമായ പ്രാതിനിധ്യമാണ് പട്ടികജാതി പട്ടികവര്‍ഗ അതി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത്.

ഏതെല്ലാം സമുദായത്തിനു വിദ്യാഭ്യാസ സ്ഥാപനം കൂടുതലായുണ്ടോ അവര്‍ക്ക് വിദ്യാഭ്യാസപരമായി ഉയരാനും അവരുടെ സ്ഥാപനങളില്‍ ജോലി നേടി സാമ്പത്തികവും സാമൂഹികവുമായി വളരാനും സാധിക്കുമ്പോള്‍ ബാക്കിയുള്ള വിദ്യാസമ്പന്നര്‍ സര്‍ക്കാറിന്റെ സംവരണ സീറ്റിനായി കാത്തിരിക്കുന്നു.

2021ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാറും തെലങ്കാന സര്‍ക്കാറും ഇരു സംസ്ഥാനങ്ങളിലെയും എയ്ഡഡ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റുകയുണ്ടായി. തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, കര്‍ണാടക സര്‍ക്കാറുകളും അനുകൂല തീരുമാനങ്ങള്‍ കൈക്കൊണ്ടു. കേരളത്തില്‍ സംവരണം പോലും നടപ്പിലാക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് സാധിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ മേഖല ജനാധിപത്യവല്‍ക്കരിക്കപ്പെടണമെങ്കില്‍ എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് നല്‍കണം. ഇതിലൂടെ ഭരണഘടനാനുസൃതമായ പ്രതിനിധ്യം ഓരോ സമുദായത്തിനും ലഭ്യമാകും. അക്കാദമികമായി മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമാണ് ഈ തീരുമാനം.

പതിറ്റാണ്ടുകളായി ബഹിഷ്‌കരിക്കപ്പെട്ട ഓരോ വിഭാഗങ്ങള്‍ക്കും സാമൂഹ്യ സാമ്പത്തികാവകാശങ്ങള്‍ ലഭ്യമാകണം. അതിലൂടെ മാത്രമേ ജനാധിപത്യവല്‍ക്കരണം സാധ്യമാകൂ. ഇനിയെങ്കിലും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി അധ്യാപക സംഘടനകളും പൊതുജനങ്ങളും ഈ വിഷയം ഗൗരവമായ ചര്‍ച്ചയ്ക്ക് എടുക്കണം. പരസ്യമായി നിലനില്‍ക്കുന്ന ഈ അനീതി നിര്‍ത്തലാക്കി ജനാധിപത്യപരമായ തീരുമാനങ്ങള്‍ നടപ്പിലാകുമെന്ന് കരുതാം. സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ എടുക്കുമെന്നും.

ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലില്‍ നിന്നും റദ്ദ് ചെയ്ത വകുപ്പ് പുന:സ്ഥാപിക്കുന്നത് അദ്ദേഹത്തോടും കൂടെ ചെയ്യുന്ന നീതിയാണ്. ഭരണഘടന അനുശാസിക്കുന്ന തുല്യാവകാശം വിദ്യാഭാസ മേഖലയില്‍ ആദ്യം നടപ്പിലാവട്ടെ.

എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്ക് നല്‍കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ വലിയ പരിവര്‍ത്തനവും ചരിത്രവുമാകും.

Content Highlight: Research Scholar Neethu KR about aided school- college teachers appointments

നീതു കെ.ആര്‍.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക, കവി, എഴുത്തുകാരി