| Saturday, 11th August 2018, 3:02 pm

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് വിരുദ്ധത ഒഴിയുന്നില്ല: എ.എസ്.എ പ്രവര്‍ത്തകനായ ദളിത് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ശ്രീഷ്മ കെ

കാസര്‍കോട്: കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും ദളിത് അവകാശപ്രവര്‍ത്തകനുമായ ഗന്‍തോതി നാഗരാജുവിനെ അറസ്റ്റു ചെയ്തതായി പരാതി. ഹോസ്റ്റലിലെ ഫയര്‍ അലാറത്തിന്റെ ചില്ലു പൊട്ടിച്ചതിന്റെ പേരിലാണ് നാഗരാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദളിത് വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനുമായ നാഗരാജുവിനെതിരെയുള്ള യൂണിവേഴ്‌സിറ്റി അധികൃതരുടെ ബോധപൂര്‍വമായ നീക്കമാണിതെന്നും കാരണങ്ങളുണ്ടാക്കി ദളിത് വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്ന നയത്തിന്റെ ഭാഗമാണിതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കേന്ദ്ര സര്‍വകലാശാലയിലെ അഞ്ചാം വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിയാണ് തെലങ്കാന സ്വദേശിയായ നാഗരാജു. ദളിത് വിദ്യാര്‍ത്ഥികളെയും ദളിത് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും തന്ത്രപരമായി ഒറ്റപ്പെടുത്തുക എന്നതാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ ലക്ഷ്യമെന്ന ആരോപണം മുന്‍പും പരക്കെ ഉയര്‍ന്നിരുന്നു. നാഗരാജുവിനെതിരായ നീക്കം ഇത്തരത്തില്‍ പത്താമത്തേതാണെന്നും സംഘപരിവാര്‍ ആശയങ്ങളോടു ചായ്‌വുള്ള അധികൃതരുടെ വേട്ടയാടല്‍ തുടര്‍ക്കഥയാകുകയാണെന്നും കാണിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധക്കുറിപ്പുകള്‍ വ്യാപിക്കുന്നുണ്ട്.

“ക്യാംപസ്സിനകത്തു വച്ചു തന്നെ ഒത്തു തീര്‍പ്പാക്കാവുന്ന ചെറിയ പിഴവായിരുന്നു നാഗരാജുവിന്റെ ഭാഗത്തു നിന്നുമുണ്ടായത്. അതിനെ വലിയ കുറ്റകൃത്യമായി കാണിച്ച് പൊലീസ് കേസു വരെ എത്തിച്ച അധികൃതരുടെ നടപടി അസ്വസ്ഥതയുണ്ടാക്കുന്നു. അറസ്റ്റിനെ ശക്തമായി അപലപിക്കുകയും അധികൃതരോട് വിദ്യാര്‍ത്ഥിയെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.”യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ആന്‍ഡ് കംപാരേറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം മേധാവി പ്രസാദ് പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു മാസം മുന്നേ നടന്ന സംഭവത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് മഫ്തിയിലെത്തിയ പൊലീസ് സംഘം നാഗരാജുവിനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാക്കുറ്റം ചുമത്തുകയും ഇന്നലെ രാത്രിയോടെ റിമാന്‍ഡില്‍ അയയ്ക്കുകയുമായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചു എന്നതാണ് നാഗരാജുവിനെതിരെ നിലവിലുള്ള കുറ്റം. ഇപ്പോള്‍ സബ് ജയിലിലുള്ള നാഗരാജുവിന് തിങ്കളാഴ്ച ജാമ്യമനുവദിക്കും എന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.

അഡ്മിഷന്‍ സമയത്ത് അടയ്ക്കുന്ന കരുതല്‍ ധനത്തില്‍ കുറവുള്ള നാശനഷ്ടങ്ങള്‍ മാത്രമേ നാഗരാജു ജനല്‍ച്ചില്ലു പൊട്ടിച്ച വകുപ്പില്‍ യൂണിവേഴ്‌സിറ്റിക്ക് ഉണ്ടായിട്ടുള്ളൂവെന്ന് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ആരതി അനീഷ് പറയുന്നു.

“ആകെ ആയിരത്തഞ്ഞൂറു രൂപയുടെ നാശനഷ്ടമാണ് ഹോസ്റ്റലില്‍ ഉണ്ടായിട്ടുള്ളത്. രണ്ടായിരം രൂപ അഡ്മിഷന്‍ സമയത്ത് കരുതല്‍ ധനമായി വിദ്യാര്‍ത്ഥികള്‍ കെട്ടുന്നുണ്ട്. ഇത്തരമൊരു കാര്യത്തിന് പൊലീസ് കേസ് കൊടുത്ത് അറസ്റ്റു ചെയ്യിച്ചത് യൂണിവേഴ്‌സിറ്റിയുടെ ടാര്‍ഗറ്റഡ് അറ്റാക്ക് തന്നെയാണ്. ഇത്തരത്തിലുള്ള പത്താമത്തെ സംഭവമാണിത്. ബി.ജെ.പി-ആര്‍.എസ്.എസ് അനുഭാവികളുടെ അഡ്മിനിസ്‌ട്രേഷനാണ് ഇവിടെയുള്ളത്. വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍കൊണ്ട് ബുദ്ധിമുട്ടിക്കുകയാണ്.”

ഇത്ര നിസ്സാരമായ ഒരു വിഷയത്തില്‍ കേസെടുക്കാന്‍ പൊലീസുകാര്‍ക്ക് വലിയ താല്‍പര്യം പോലും ഉണ്ടായിരുന്നില്ല. യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അവര്‍ നാഗരാജുവിനെ അറസ്റ്റു ചെയ്യുന്നത്. വളരെ സെന്‍സിറ്റീവായ ഒരു വ്യക്തിയാണ് നാഗരാജു. യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രതികരിക്കുകയും അതിന്റെ പേരില്‍ അഡ്മിനിസ്‌ട്രേഷന്‍ വളരെയധികം ടോര്‍ച്ചര്‍ ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ്. വിചാരിക്കുന്നതിനേക്കാള്‍ വലിയ ഒരു വിഷയമാണിത്.” ആരതി ഡൂള്‍ ന്യൂസിനോടു പറഞ്ഞു.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന കാലത്ത് രോഹിത് വെമുലയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്നു നാഗരാജു. സാധാരണഗതിയില്‍ യൂണിവേഴ്‌സിറ്റി ക്യാംപസ്സിനകത്തു വച്ച് നടക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അധികൃതര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും തന്നെയില്ലാതെ നേരിട്ട് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. അധികൃതരുമായി അനൗദ്യോഗികമായി നടത്തിയ ചര്‍ച്ചകളില്‍ നാഗരാജു സംഭവിച്ച പിഴവിന് മാപ്പു പറയുകയും പൊട്ടിയ ചില്ലിനു പകരമായി നഷ്ടപരിഹാരം നല്‍കാമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്തിരുന്നുവെന്നും കേരള കേന്ദ്ര സര്‍വകലാശാലയിലെ എ.എസ്.എ. യൂണിറ്റിന്റെ പ്രതിഷേധക്കുറിപ്പില്‍ പറയുന്നു.

ഇതിനു ശേഷവും യാതൊരു വിശദീകരണവും നല്‍കാതെയാണ് നാഗരാജുവിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയ്ക്കകത്തു നിന്നും കമ്മീഷനെ നിയോഗിച്ച് അന്വേഷിക്കേണ്ടതിനു പകരം നേരിട്ട് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

ഇതിനു മുന്‍പും വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുള്ള ഉപദ്രവകരമായ നീക്കങ്ങളുമായി യൂണിവേഴ്‌സിറ്റി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ മെസ്സിലെ പാചകക്കാരനെ പിരിച്ചു വിട്ടതു മുതല്‍ ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യമില്ലായ്മ വരെയുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ നിരന്തര സമരത്തിലാണ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. അതിനിടെയാണ് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഇത്തരം നീക്കങ്ങളും നടക്കുന്നത്.

ശ്രീഷ്മ കെ

We use cookies to give you the best possible experience. Learn more