| Friday, 10th August 2018, 4:20 pm

ചെറുതോണിപാലം മുങ്ങുന്നതിന് തൊട്ടുമുന്‍പ് കുട്ടിയെ രക്ഷപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: സ്വന്തം ജീവന്‍ പണയം വെച്ച് മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള സുരക്ഷാ ജീവനക്കാരന്റെ ശ്രമമായിരുന്നു അല്പം മുന്‍പ് ചെറുതോണി പാലത്തിന് മുകളില്‍ കണ്ടത്.

ആര്‍ത്തലച്ച് ഒഴുകുന്ന ചെറുതോണിപ്പുഴയിലെ പാലത്തിന് മുകളിലൂടെ ഒരു ജീവന്‍ വാരിയെടുത്ത് കൊണ്ട് ഓടുന്ന ദുരന്തനിവാരണ സേനയിലെ ജീവനക്കാരന്റെ ദൃശ്യങ്ങള്‍ ചാനല്‍ ക്യാമറയിലാണ് പതിഞ്ഞത്.

അസുഖബാധിതനായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ആ ഓട്ടം. പാലം മുങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു കുഞ്ഞിനെയും എടുത്ത് ഇദ്ദേഹം ഓടിയത്.

പാലം കടന്നാല്‍ മാത്രമേ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുള്ളൂ. അല്പനേരത്തിനുള്ളില്‍ തന്നെ പാലം പൂര്‍ണമായും വെള്ളത്തിനടയിലാകുമെന്ന് ഉറപ്പായതോടെ മറ്റൊന്നും നോക്കാതെ സ്വന്തം ജീവന്‍ പണയം വെച്ചുകൊണ്ട് കുഞ്ഞിനേയും എടുത്ത് ഓടുകയായിരുന്നു ഇദ്ദേഹം.


കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെതിരായ മോദിയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കി


പാലം മുങ്ങിയതോടെ ചെറുതോണി കട്ടപ്പന റൂട്ടില്‍ വാഹന ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ അതിശക്തമായാണ് വെള്ളത്തിന്റെ ഒഴുക്ക്.

മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറക്കേണ്ട സാഹചര്യമുണ്ടാകുന്നത്. നിലവില്‍ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയിരുന്നത്. ഇതോടെ സെക്കന്‍ഡില്‍ 5,00,000 ലീറ്റര്‍ (500 ക്യുമെക്‌സ്) വെള്ളം പുറത്തേക്കുപോകും.

രാവിലെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 1,25,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. മൂന്നു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.72 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അര്‍ധരാത്രിയില്‍ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.

ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും വ്യക്തമാക്കിയിരുന്നു.

അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചിരുന്നു.

We use cookies to give you the best possible experience. Learn more