| Sunday, 19th August 2018, 7:28 am

പ്രളയക്കെടുതി; ഇന്നലെ മാത്രം രക്ഷപ്പെടുത്തിയത് 20000 പേരെ; കൂടുതല്‍ മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ഇന്നലെ മാത്രം രക്ഷപ്പെടുത്തിയത് ഇരുപതിനായിരം പേരെയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മാത്രം ഉച്ചക്കു 12 മണിവരെയുള്ള കണക്കുകളാണിത്.

ഭക്ഷണപ്പൊതികളും മരുന്നുകളും ഉള്‍പ്പെടെ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരമാവാധി അനുസരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും അഞ്ച് കോളം ബി.എസ്.എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്.


ALSO READ: ‘സൈന്യം മാത്രമായി എവിടെയും ഒറ്റയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടില്ല’; നാടറിയുന്നവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്താനാകുകയെന്ന് മുഖ്യമന്ത്രി


22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

കേരള ഫയര്‍ ഫോഴ്സിന്റെ 59 ബോട്ടും തമിഴ്നാട് ഫയര്‍ഫോഴ്സിന്റെ 16 ബോട്ടുകളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയില്‍നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും.

3,200 ഫയര്‍ഫോഴ്സ് സേനാംഗങ്ങളും 40,000 പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു.

We use cookies to give you the best possible experience. Learn more