സാലയെ കണ്ടെത്താനായില്ല; തെരച്ചില്‍ അവസാനിപ്പിച്ച് അന്വേഷണ സംഘം
Football
സാലയെ കണ്ടെത്താനായില്ല; തെരച്ചില്‍ അവസാനിപ്പിച്ച് അന്വേഷണ സംഘം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th January 2019, 9:50 am

കാര്‍ഡിഫ്: വിമാനയാത്രക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ മുന്നേറ്റതാരം എമിലിയാനോ സാലയ്ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇംഗ്ലീഷ് ചാനലിലും സമീപത്തെ ദ്വീപുകളിലും 36 മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് പൊലീസ് തെരച്ചില്‍ അവസാനിപ്പിച്ചത്. ചെറിയ വിമാനമായതിനാല്‍ ശേഷിപ്പുകള്‍ കണ്ടെത്താന്‍ ആകില്ലെന്ന അനുമാനത്തിലാണ് തെരച്ചില്‍ സംഘം.

ഫ്രാന്‍സിലെ നാന്റെസില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള യാത്രയ്ക്കിടെയാണ് സാലയുടെ വിമാനം അപകടത്തില്‍പെട്ടത്. സാലയെ കുടാതെ വൈമാനികനാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ALSO READ: രഞ്ജി ക്ലാസിക് പോരാട്ടം; കേരളത്തിന് ബാറ്റിംഗ്

ഒന്നും കണ്ടെത്താനായില്ലെന്നും രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത നേരിയതാണെന്നും തെരച്ചിലിന് നേതൃത്വം നല്‍കിയ ഗ്വേന്‍സി പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. അതേസമയം കാര്‍ഡിഫ് സിറ്റി അധികൃതരുടേയും അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്റേയും പ്രത്യേക നിര്‍ദേശപ്രകാരം തെരച്ചില്‍ പുനരാരംഭിക്കാനും സാധ്യതയുണ്ട്.

കാര്‍ഡിഫ് സിറ്റിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 15 മില്യണാണ് സാല ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിയത്. നേരത്തെ കാര്‍ഡിഫിലെത്തിയ താരം വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ടീമിനൊപ്പം ചേരാനുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്.

അസേമയം സാലയുടേതെന്ന് പറയപ്പെടുന്ന അവസാനത്തെ വാട്ട്‌സാപ്പ് സന്ദേശത്തില്‍ വിമാനം തകരാന്‍ പോകുകയാണെന്നും ഭയമുണ്ടെന്നും പറഞ്ഞിരുന്നു, കൂട്ടുകാര്‍ക്കയച്ച ശബ്ദ സന്ദേശം സാലയുടേതാണെന്ന് പിതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.