| Sunday, 12th November 2023, 7:32 pm

ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നു; 36 തൊഴിലാളികൾ കുടുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ടണൽ തകർന്ന് തുരങ്കത്തിൽ കുടുങ്ങി 36 തൊഴിലാളികൾ. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഉത്തരകാശി ജില്ലയിലെ സിൽക്യാരയെയും ദണ്ടൽഗവോണിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടി നിർമിക്കുന്ന തുരങ്കം യമുനോത്രി ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്.

ഉരുൾപ്പൊട്ടലിനെ തുടർന്ന് കവാടത്തിൽ നിന്ന് 200 മീറ്റർ അകലത്തിലാണ് തുരങ്കം തകർന്നത്. ഈ സമയം 2,800 മീറ്റർ അകലെയായിരുന്നു തൊഴിലാളികൾ.

ബീഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ളവരാണ് മിക്ക തൊഴിലാളികളും. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികാരികൾ അറിയിച്ചു. അധികമായി പൈപ്പ് വഴിയും ഓക്സിജൻ എത്തിക്കുന്നുണ്ട്.

അതേസമയം, കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ല. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും പ്രാദേശിക ഭരണകൂടവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ജെ.സി.ബിയും മറ്റു യന്ത്രങ്ങളും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

തുരങ്കത്തിന്റെ 25 മീറ്റർ വരെ കെട്ടിടാവശിഷ്ടങ്ങൾ ഉണ്ടാകാമെന്നും തൊഴിലാളികളുടെ ജീവന് ഭീഷണി ഇല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പത്ത് മണിക്കൂറുകളോളം പിടിച്ചുനിൽക്കാനുള്ള ഓക്സിജൻ ലഭ്യമാണെന്നും ഈ സമയത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ ഓഫീസർ ദേവേന്ദ്ര പട്വാൾ പറഞ്ഞു.

Content Highlight: Rescue operations on after under-construction tunnel collapse in Uttarakhand traps 36 workers

We use cookies to give you the best possible experience. Learn more