തിരുവനന്തപുരം: പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ എന്‍.ആര്‍.ഐ കമ്മീഷന് ഒന്നര വര്‍ഷമായി ചെയര്‍പേഴ്‌സണില്ലാത്തതില്‍ പരാതി.
ചെയര്‍ പേഴ്‌സണെ എത്രയും വേഗം നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റേറ്റ് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി.
ചെയര്‍പേഴ്‌സണ്‍ ഇല്ലാത്തതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെല്ലാം പരിപൂര്‍ണമായി നിലച്ചിരിക്കുകയാണെന്നും, തിരുവന്തപുരത്തെ തൈക്കാട്ടുള്ള കമ്മീഷന്‍ ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുകയാണെന്നും ഈ അപേക്ഷയില്‍ പറയുന്നു. സ്റ്റേറ്റ് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരമാണ് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
പ്രവാസി മലയാളികളും അവരുടെ ബന്ധുക്കളും നാട്ടില്‍ അനുഭവിക്കുന്ന സിവിലും ക്രിമിനലുമായ
പ്രശ്‌നങ്ങള്‍ നിയമപരമായി പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു 2015-ല്‍ അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ എന്‍.ആര്‍.ഐ. കമ്മിഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഒരു ജഡ്ജ് ചെയര്‍പേഴ്‌സണായും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ അംഗങ്ങളുമായിട്ടായിരുന്നു കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ കാര്യക്ഷമമായിട്ടായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനമെന്നും എല്ലാ ജില്ലകളിലും കമ്മീഷന്‍ സിറ്റിങ്ങുകളും നടത്തിപ്പോന്നിരുന്നെന്നും ജോയ് കൈതാരത്തിന്റെ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ കമ്മീഷന് ചെയര്‍പേഴ്‌സണില്ലാതായതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സെക്രട്ടറിയായി ചുമതലയിലുള്ളത്.
‘നിലവില്‍ ഇവിടെ ഫയല്‍ ചെയ്യുന്ന കേസുകള്‍ കമ്മീഷന്‍ ഓഫീസില്‍ വെറുതെ കൂട്ടിയിട്ടിരിക്കുന്നു. പ്രവാസി മലയാളികളുടെയും അവരുടെ നാട്ടിലെ ബന്ധുക്കളുടെയും സിവിലും ക്രിമിനലുമായ ഏത് വിഷയത്തിലും ഇടപെടാനുമുള്ള അധികാരം കമ്മീഷന് ഉണ്ടായിരുന്നതു കാരണം പ്രവാസികള്‍ക്കും അവരുടെ നാട്ടിലെ ബന്ധുക്കള്‍ക്കും ഈകമ്മീഷന്‍ വലിയൊരു അനുഗ്രഹവും ആശ്രയവുമായിരുന്നു,’ പരാതിയില്‍ വ്യക്തമാക്കുന്നു.
Content Highlight: Request to CM Pinarayi Vijayan to appoint chairperson for NRI Commission