| Sunday, 24th June 2018, 10:07 am

ജില്ലാ ഭരണകൂടം പരാതി ചെവിക്കൊണ്ടില്ല; റോഡു നന്നാക്കാന്‍ മന്ത്രി മുന്നിട്ടിറങ്ങി: നാണം കെട്ട് ആദിത്യനാഥ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പരാതി നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാഞ്ഞതിനാല്‍ റോഡു നന്നാക്കാന്‍ സ്വയം മുന്നിട്ടിറങ്ങി ഉത്തര്‍ പ്രദേശ് ക്യാബിനറ്റ് മന്ത്രി ഒ.പി. രാജ്ഭര്‍. വാരണാസിയിലെ സിന്ധോറയിലാണ് എസ്.ബി.എസ്.പി. പാര്‍ട്ടി പ്രസിഡന്റു കൂടിയായ രാജ്ഭര്‍ ഗ്രാമവാസികളുടെ സഹായത്തോടെ റോഡു നന്നാക്കാനിറങ്ങിയത്. പിന്നാക്ക വിഭാഗ ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് രാജ്ഭര്‍.

പാര്‍ട്ടിയുടെ പ്രതീകമായ മഞ്ഞ നിറത്തിലുള്ള ടര്‍ബന്‍ ധരിച്ചെത്തിയാണ് മന്ത്രി മണ്ണെടുത്ത് റോഡു നിരപ്പാക്കാന്‍ കൂടിയത്. പല തവണ പരാതി അറിയിച്ചിട്ടും തന്റെ ഗ്രാമത്തിലെ ശോചനീയാവസ്ഥയിലുള്ള നിരത്ത് നേരെയാക്കാന്‍ ജില്ലാ ഭരണകൂടം നടപടിയൊന്നും എടുത്തില്ലെന്ന് മന്ത്രി പറയുന്നു.

“ഒരു മന്ത്രി വിചാരിച്ചാല്‍ പോലും റോഡു പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, സാധാരണക്കാരന്‍ അനുഭവിക്കുന്നതെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.” രാജ്ഭര്‍ പറയുന്നു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംബന്ധിക്കാന്‍ അതിഥികളെത്തുന്നതിനു മുന്നോടിയായാണ് മന്ത്രി റോഡു പണിക്കായി സ്വയം തുനിഞ്ഞിറങ്ങിയത്.


Also Read:ഏറ്റുമാനൂരില്‍ കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി


ജില്ലാ ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത കാരണമാണ് മന്ത്രി തൂമ്പയുമായി നിരത്തിലിറങ്ങേണ്ടി വന്നതെന്ന് എസ്.ബി.എസ്.പി. ദേശീയ സെക്രട്ടറി അരുണ്‍ രാജ്ഭര്‍ പറയുന്നു. പരാതികള്‍ ചെവിക്കൊള്ളാഞ്ഞതിനാല്‍ രാജ്ഭറിന്റെ മകന്റെ വിവാഹം കഴിഞ്ഞ ആറു മാസങ്ങളായി മാറ്റിവച്ചു കൊണ്ടിരിക്കുകയാണെന്നും പരാതിയുണ്ട്.

ക്യാബിനറ്റിലെ മുതിര്‍ന്ന മന്ത്രി തന്നെ ഭരണകൂടത്തിനെതിരെ രംഗത്തു വന്നതിനെത്തുടര്‍ന്ന് ആദിത്യനാഥ് സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. യോഗിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്ഭര്‍ മുന്‍പും പല തവണ മുന്നോട്ടു വന്നിട്ടുണ്ട്.

ബി.ജെ.പിയും സഖ്യകക്ഷിയായ എസ്.ബി.എസ്.പിയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചു മാസങ്ങളായി ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ്. ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്ഭര്‍ ദിവസങ്ങള്‍ക്കു മുന്നെയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ സിംഗ് യാദവിനെ സന്ദര്‍ശിച്ചത്.

We use cookies to give you the best possible experience. Learn more