ബൈഡന്റെ നടപടി സ്വകാര്യതക്കും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമാണ് വിവിധ റിപ്പബ്ലിക്കന്‍ നേതാക്കള്‍ പ്രതികരിച്ചത്. ഏകാധിപത്യഭരണത്തിന്റെ സൂചനയാണിതെന്നും ഇവര്‍ പറഞ്ഞു.
വാക്‌സിനെ അംഗീകരിക്കുന്നെങ്കിലും വാക്‌സിന്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഓരോ അമേരിക്കന്‍ പൗരനും അവകാശമുണ്ടെന്നായിരുന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞത്.
വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഫെഡറല്‍ സര്‍ക്കാരിന് ഇത്തരം തീരുമാനങ്ങളെടുക്കാനാകില്ലെന്നും ടെഡ് ക്രൂസ് പറഞ്ഞു. കോടതിയില്‍ വെച്ച് കാണാമെന്നായിരുന്നു സൗത്ത് ഡക്കോട്ടയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ക്രിസ്റ്റി നോവേമിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് വാക്‌സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബൈഡന്‍ നടത്തിയത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴയടക്കമുള്ള ശിക്ഷാനടപടികളുണ്ടാകുമെന്നായിരുന്നു ബൈഡന്‍ അറിയിച്ചത്.
വാക്‌സിനെടുക്കണമെന്ന അഭ്യര്‍ത്ഥനയും മറ്റു പ്രോത്സാഹനങ്ങളും നടക്കാതെ വന്നപ്പോഴാണ് കര്‍ശന നടപടികളുമായി ബൈഡന്‍ മുന്നോട്ടുവന്നത്. 80 ദശലക്ഷം മുതിര്‍ന്ന പൗരന്മാരാണ് അമേരിക്കയില്‍ ഇനിയും വാക്‌സിനെടുക്കാനുള്ളത്.
6,50,000 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ ഡെല്‍റ്റ വകഭേദം കൂടിയ തോതില്‍ പടര്‍ന്നുപിടിക്കുന്നുമുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ബൈഡന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന നടപടിയിലേക്ക് നീങ്ങിയത്.
‘ഞങ്ങള്‍ ഇത്രനാളും ക്ഷമിച്ചു. ഇപ്പോള്‍ ആ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ദയവ് ചെയ്ത് ശരിയായ കാര്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകണം,’ എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. നടപടിക്കെതിരെയുള്ള പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് എന്തും നേരിടാനൊരുക്കമാണെന്നായിരുന്നു ബൈഡന്റെ പ്രതികരണം.