| Thursday, 8th June 2017, 4:34 pm

'രാഹുല്‍ ഗാന്ധി മധ്യപ്രദേശിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ഹെല്‍മറ്റ് ഇല്ലാതെ ഓവര്‍ലോഡായി'; ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിനേക്കാള്‍ വലിയ സൂപ്പര്‍ എക്‌സ്‌ക്ലൂസീവുമായി റിപ്പബ്ലിക്ക് ടി.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: അര്‍ണബ് ഗോസ്വാമിയുടേയും ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റേയും സംയുക്ത സംരംഭമായ റിപ്പബ്ലിക്ക് ടി.വിയുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവായ “രാജഭക്തി” വീണ്ടും തെളിയുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടത് വാര്‍ത്തയാക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ച ചാനല്‍ സംഭവം വാര്‍ത്തയാക്കിയത് കര്‍ഷകരെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലാണ്.


Also Read: ‘കശ്മീരില്‍ സൈന്യത്തിന് കവചമായി ഉപയോഗിക്കാന്‍ കോടിയേരി ബാലകൃഷ്ണനെ നല്‍കാം’; സി.പി.ഐ.എം ഭീകരവാദപ്രസ്ഥാനമെന്നും ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡന്റ്


കര്‍ഷകര്‍ അക്രമികളാണെന്ന് സ്ഥാപിക്കുന്നതിനായി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയകതിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസം ഏതാണ്ട് മുഴുവനും റിപ്പബ്ലിക്ക് ചാനല്‍ സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കാതിരിക്കുകയും പ്രക്ഷോഭത്തെ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്തപ്പോഴാണ് പ്രതിഷേധക്കാരില്‍ ചിലര്‍ അക്രമത്തിലേക്ക് തിരിഞ്ഞത്.

ഇവര്‍ കര്‍ഷകരോ ഗുണ്ടകളോ എന്നതരത്തിലാണ് ചാനലില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത് തന്നെ. എന്നാല്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെന്താണെന്നതിനെ പറ്റി ചര്‍ച്ച ചെയ്യാതിരുന്ന ചാനല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബി.ജെ.പിയെ വെള്ള പൂശാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു.

ഇന്നും മധ്യപ്രദേശില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെയാണ് റിപ്പബ്ലിക്ക് ചാനലില്‍ പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും അറസ്റ്റുമെല്ലാം വെറും നാടകമാണെന്ന് പ്രഖ്യാപിക്കുകയും ഇക്കാര്യം പ്രേക്ഷകരില്‍ ഇക്കാര്യം അടിച്ചേല്‍പ്പിക്കുകയുമാണ് ചാനല്‍ ഇന്ന് ചെയ്തത്.

ഇരുചക്രവാഹനത്തിലാണ് രാഹുല്‍ ഗാന്ധി സഞ്ചരിച്ചത്. ഈ വാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്തു, ഹെല്‍മറ്റ് ധരിച്ചില്ല, വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാ എന്നീ കാര്യങ്ങളാണ് രണ്ട് റിപ്പോര്‍മാരും അതിലേറെ ക്യാമറകളും ലൈവ് സംവിധാനങ്ങളും അതിഭീകരമായ ഗ്രാഫിക്‌സുമെല്ലാം ഉപയോഗിച്ച് വാര്‍ത്തയാക്കിയിരിക്കുന്നത്.


Don”t Miss: രാത്രി എട്ടുമണിക്കു നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് ആറരമണിക്ക് യുവമോര്‍ച്ചാ നേതാവിന്റെ പോസ്റ്റ്; ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി തന്നെയെന്ന ആരോപണം ശക്തമാകുന്നു


രാഹുല്‍ ഗാന്ധിയുടെ ബൈക്ക് യാത്ര നിയമലംഘനമാണെങ്കിലും ഇത്രയും വലിയ വാര്‍ത്തയാക്കുന്നതിന് പിന്നില്‍ ചാനലിന്റെ രാഷ്ട്രീയ നീക്കം തന്നെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആറ് കര്‍ഷകരെ വെടിവെച്ച് കൊന്ന ഗുരുതരമായ സംഭവം ഉണ്ടായപ്പോള്‍ വൈകി മാത്രം വാര്‍ത്ത നല്‍കിയ ചാനല്‍ ഇരുചക്രവാഹനത്തിലെ നിയമലംഘനം തത്സമയമാണ് നല്‍കിയത് എന്ന വൈരുദ്ധ്യവും പലരും ചൂണ്ടിക്കാട്ടുന്നു. ചാനലിന്റെ നിലപാടിനോട് കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടള്ളത്.

We use cookies to give you the best possible experience. Learn more