'നിങ്ങൾ ജേണലിസം മറന്ന് ന്യായാധിപകനെപ്പോലെയും ആരാച്ചാരെപ്പോലെയും പെരുമാറി'; ബാർക് സി.ഇ.ഒ വിവാദത്തിൽ ഇന്ത്യൻ എക്സ്പ്രസിന് വക്കീൽ നോട്ടീസയച്ച് റിപ്പബ്ലിക്ക് ടി.വി
ന്യൂദൽഹി: ഇന്ത്യൻ എക്സ്പ്രസിനെതിരെ നിയമ നടപടിക്കൊരുങ്ങി റിപ്പബ്ലിക്ക് ടി.വി. ബാർക് സി.ഇ.ഒ പാർഥോ ദാസ് ഗുപ്തയ്ക്ക് റിപ്പബ്ലിക്ക് ടി.വിയുടെ എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമി രണ്ട് അവധി ദിനങ്ങൾക്ക് 12000 യു.എസ് ഡോളറും മൂന്ന് വർഷങ്ങളിലായി നാൽപത് ലക്ഷം രൂപയും നൽകിയെന്ന മുംബൈ പൊലീസിന്റെ അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിട്ടതിലാണ് റിപ്പബ്ലിക്ക് ടി.വി ഇന്ത്യൻ എക്സ്പ്രസിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
മുംബൈ പൊലീസിനോട് പാർഥോ ദാസ് ഗുപ്ത ഇക്കാര്യങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് ജനുവരി 25ന് റിപ്പോർട്ട് ചെയ്തിരുന്നു. ബാർക് സി.ഇ.ഒയും ഗോസ്വാമിയും തമ്മിലുള്ള ആയിരത്തിലധികം പേജുള്ള വാട്സ്ആപ്പ് സംഭാഷണങ്ങൾ പരസ്യമായതിന് പിന്നാലെയാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടും പുറത്ത് വന്നത്. ടി.ആർ.പി കേസുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ കുറ്റപത്രത്തിലെ വിവരങ്ങളാണ് പത്രം പുറത്തുവിട്ടത്.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചാനലിന്റെ പ്രശസ്തിയെ ബാധിക്കുന്നതാണെന്നും സെൻസേഷണലിസത്തിലൂടെ സ്വന്തം കോർപ്പറേറ്റ് താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് പത്രം ശ്രമിക്കുന്നതെന്നും റിപ്പബ്ലിക് ടി.വി ആരോപിക്കുന്നു. തെറ്റിധരിപ്പിക്കുന്ന തലക്കെട്ട് വാർത്തയ്ക്ക് ഉപയോഗിച്ചുവെന്നും റിപ്പബ്ലിക് ടി.വി വക്കീൽ നോട്ടീസിൽ പറയുന്നു.
ഇന്ത്യൻ എക്സ്പ്രസിന്റെ തലക്കെട്ട് അർണബ് ഗോസ്വാമി പാർഥോ ദാസ് ഗുപ്തയ്ക്ക് പണം നൽകിയെന്ന് വായനക്കാരെ തെറ്റിധരിപ്പിക്കുന്നതാണ്. പാർഥോ ദാസ് ഗുപ്ത മുംബൈ പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യങ്ങൾ എന്ന ഭാഗം എക്സ്പ്രസ് വിട്ടു കളഞ്ഞുവെന്നും റിപ്പബ്ലിക്ക് ടി.വി പരാതിയിൽ പറയുന്നു. മുംബൈ പൊലീസിന്റെ കുറ്റപത്രത്തിലെ വിവരങ്ങൾ നിഷേധിച്ച് പാർഥോ ദാസ് ഗുപ്ത രംഗത്ത് വന്നതാണെന്നും റിപ്പബ്ലിക്ക് ടി.വി പറഞ്ഞു.
ഇത്തരത്തിൽ ചെയ്തത് വഴി പത്രം ജേണലിസത്തിലെ എല്ലാ ധാർമ്മികതയും മറന്ന് ഒരേസമയം ആരാച്ചാരും ന്യായാധിപനും ആകുകയായിരുന്നുവെന്നും റിപ്പബ്ലിക്ക് കുറ്റപ്പെടുത്തി.
ടി.ആർ.പി കേസിൽ ബോംബൈ ഹൈക്കോടതി വാദം കേൾക്കുന്ന സമയത്ത് ഇത്തരമൊരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും റിപ്പബ്ലിക്ക് ടി.വി പറയുന്നു.