| Thursday, 10th September 2020, 3:05 pm

സുനന്ദ പുഷ്‌കറിനെ കൊന്നത് ശശി തരൂരാണെന്ന് പിതാവിനെക്കൊണ്ട് പറയിപ്പിക്കാന്‍ അര്‍ണബ് നിര്‍ബന്ധിച്ചു; റിപ്പബ്ലിക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ മൊഴി നല്‍കാന്‍ സുനന്ദയുടെ പിതാവിനെ നിര്‍ബന്ധിക്കുകയായിരുന്നെന്ന് റിപ്പബ്ലിക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. റിപ്പബ്ലിക് ടി.വിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫായിരുന്ന തേജീന്ദര്‍ സിംഗ് സോധിയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.

റിപ്പബ്ലിക് ടി.വി എച്ച്.ആറിന് നല്‍കിയ രാജിക്കത്തിലാണ് സോധി ഗുരുതര ആരോപണം ഉന്നയിച്ചത്.

സോധിയുടെ വാക്കുകളിലേക്ക്:

ഒരുദിവസം എനിക്ക് ഡെസ്‌കില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു( ആരുടെയെങ്കിലും പേര് ഞാന്‍ പറയുന്നില്ല. പക്ഷേ അര്‍ണബ് അദ്ദേഹത്തെ ഒരു പരിധിവരെ പീഡിപ്പിച്ചിരുന്നു, ഓഫീസില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്  ഹൃദയാഘാതം സംഭവിച്ചു) സുനന്ദ പുഷ്‌കറുടെ പിതാവിന്റെ വീടിനടുത്ത് പോവുക. ഉചിതമായ സമയത്ത്, എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയുമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്.

എന്തിനാണ് ഒളിക്കുന്നത്? അവര്‍ക്ക് അവരുടെ ജീവനക്കാരെ വിശ്വാസമില്ല, അതുകൊണ്ട് അവസാന നിമിഷം വരെ ഞങ്ങളോട് ഒന്നും പറയില്ല. ഞാന്‍ ആ വീട്ടിലേക്ക് പോയി. പെട്ടെന്ന് എന്നോട് വീടിനുള്ളിലേക്ക് പ്രവേശിക്കാനും സുനന്ദ പുഷ്‌കറുടെ വൃദ്ധനായ അച്ഛന് നേര്‍ക്ക് മൈക്ക് ചൂണ്ടാനും ആവശ്യപ്പെട്ടു. തന്റെ മകളെ കൊന്നത് ശശി തരൂരാണെന്ന് പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കാനും എന്നോട് പറഞ്ഞു.

ഞാന്‍ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവരുടെ പിതാവിനെ കണ്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. അദ്ദേഹം അവശനായിരുന്നു. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല. ഞാനിക്കാര്യം ഡെസ്‌കില്‍ അറിയിച്ചു.

എന്നാല്‍ അര്‍ണബ് എന്നില്‍ രോഷാകുലനാണെന്നും തരൂര്‍ തന്റെ മകളെ കൊന്നുവെന്ന് പിതാവ് പറയുന്നത് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ എന്നോട് പറഞ്ഞു.

ഞാന്‍ അത് നിരസിക്കുകയും അവിടെ നിന്ന് മടങ്ങുകയും ചെയ്തു. ആ വീട്ടിലുണ്ടായിരുന്ന ജോലിക്കാരന്‍ തരൂരും സുനന്ദയും തമ്മില്‍ നല്ല ബന്ധമായിരുന്നെന്ന് എന്നോട് പറഞ്ഞു. എന്നാല്‍ അത് സംപ്രേഷണം ചെയ്യപ്പെട്ടില്ല.

അടുത്ത ദിവസം അര്‍ണബ് എന്നെ വിളിച്ചു, ആക്രോശിച്ചു. ശശി തരൂരിനെ സുനന്ദയുടെ പിതാവ് കുറ്റപ്പെടുത്തുന്നത് ക്യാമറയില്‍ പകര്‍ത്താത്ത തന്റെ നടപടി അദ്ദേഹത്തെ അപമാനിതനാക്കിയെന്ന് അര്‍ണബ് പറഞ്ഞു.

ഇത്തരത്തിലുള്ള ജേര്‍ണലിസം ചെയ്യാനല്ല ഞാന്‍ റിപ്പബ്ലിക് ടി.വിയിലേക്ക് വന്നത്. അര്‍ണബിന്റെ താല്‍പ്പര്യത്തിന് ഉപയോഗിക്കുന്ന വാടകക്കൊലയാളികള്‍ മാത്രമാണ് റിപ്പോര്‍ട്ടര്‍മാര്‍

റിപ്പബ്ലിക് ചാനലെന്നാല്‍ അര്‍ണബ് മാത്രമാണെന്നും ടീം വര്‍ക്കില്‍ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും തേജീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

‘ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക് ടീമിനെ അനുവദിക്കാത്ത ഒരു സംഭവം നടന്നു, അതാത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് കറുത്ത ബാന്‍ഡ് ധരിച്ച് പ്രതിഷേധിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ പ്രതിഷേധിക്കുന്നത് ഒരു പത്രപ്രവര്‍ത്തകന്റെ ജോലിയല്ല, പക്ഷേ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു, അതിനാല്‍ എല്ലാവരും അത് ചെയ്തു.’, തേജീന്ദര്‍ പറഞ്ഞു.

റിപ്പബ്ലിക് ടി.വിയില്‍ നിന്ന് പലരും രാജിവെച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉത്തര്‍പ്രദേശിലെ റിപ്പോര്‍ട്ടറാണ് ആദ്യം രാജിവെച്ചത്. പിന്നീട് മധ്യപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛണ്ഡീഗഢ്, ബംഗളൂരു എന്നീ ബ്യൂറോകളിലുള്ളവരും രാജിവെച്ചു.’, സോധി പറഞ്ഞു.

തേജീന്ദര്‍ സിംഗിന്റെ രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more