'വ്യാജ ഫൈവ് സ്റ്റാര്‍ റേറ്റിങ് തന്ത്രവും ഏറ്റില്ല, പണി ഫേസ്ബുക്കില്‍ നിന്നുകിട്ടി: റിപ്പബ്ലിക് ടി.വിയുടെ റേറ്റിങ് വീണ്ടും രണ്ടിലെത്തി
India
'വ്യാജ ഫൈവ് സ്റ്റാര്‍ റേറ്റിങ് തന്ത്രവും ഏറ്റില്ല, പണി ഫേസ്ബുക്കില്‍ നിന്നുകിട്ടി: റിപ്പബ്ലിക് ടി.വിയുടെ റേറ്റിങ് വീണ്ടും രണ്ടിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2017, 8:24 am

മലയാളികളുടെ രോഷം റേറ്റിങ്ങിലുണ്ടാക്കിയ ക്ഷീണം മാറ്റാന്‍ വലിയ തോതില്‍ വ്യാജ 5 സ്റ്റാര്‍ റേറ്റിങ് എന്ന റിപ്പബ്ലിക് ടി.വിയുടെ തന്ത്രവും പാളി. കുത്തനെ ഉയര്‍ന്ന ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുകള്‍ ഫേസ്ബുക്ക് തന്നെ തള്ളിക്കളഞ്ഞതോടെയാണ് അര്‍ണബിന്റെ ചാനലിന് വീണ്ടും പണിയായത്.

ഇതോടെ ചാനലിന്റെ ഫേസ്ബുക്ക് പേജ് റേറ്റിങ് വീണ്ടും രണ്ടിലെത്തി.

കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രംഗത്തുവന്നതോടെയാണ് റിപ്പബ്ലിക് ടി.വിയുടെ ഫേസ്ബുക്ക് പേജ് വഴി മലയാളികള്‍ രോഷം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇതോടെ പേജിന്റെ റേറ്റിങ് 4.8ല്‍ നിന്നും രണ്ടിലേക്കു കൂപ്പുകുത്തിയിരുന്നു.

ഗത്യന്തരമില്ലാതെ പേജിലെ റേറ്റിങ് ഓപ്ഷന്‍ എടുത്തുകളയുന്ന സ്ഥിതിയുമുണ്ടായി. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതോടെ റേറ്റിങ് ഓപ്ഷന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെ വലിയ തോതില്‍ 5സ്റ്റാര്‍ റേറ്റിങ്ങുകളും വന്നുതുടങ്ങി. ഇത് പണംനല്‍കി ചെയ്യിക്കുന്നതാണെന്നും ബി.ജെ.പിയുടെ ഐ.ടി സെല്‍ ആണ് ഇതിനുപിന്നിലെന്നുമുള്ള തരത്തില്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒരുഘട്ടത്തില്‍ ഈ ഫൈവ് സ്റ്റാര്‍ റേറ്റിങ് വണ്‍സ്റ്റാറിനെ മറികടന്ന സ്ഥിതിയില്‍വരെ കാര്യങ്ങളെ എത്തിക്കാന്‍ റിപ്പബ്ലിക് ടി.വിയ്ക്കു കഴിഞ്ഞിരുന്നു. അതോടെ റേറ്റിങ് 3നു മുകളിലായി ഉയര്‍ന്നിരുന്നു. എന്നാല്‍ അധികംവന്ന ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുകള്‍ ഒന്നടക്കം ഒറ്റയടിക്ക് ഫേസ്ബുക്ക് നീക്കം ചെയ്തതോടെയാണ് അര്‍ണബിന് വീണ്ടും പണികിട്ടിയത്.

ഇപ്പോള്‍ 44K മാത്രമാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉള്ളത്. വണ്‍സ്റ്റാര്‍ ആകട്ടെ 126Kയില്‍ എത്തി.