| Friday, 10th May 2019, 5:14 pm

നിരപരാധിയെ മോശമായി ചിത്രീകരിച്ചു; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി അടച്ചു പൂട്ടുമെന്ന് ബ്രോഡ്കാസ്റ്റിങ് നിരീക്ഷണ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിരപരാധിയായ വ്യക്തിയെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ (എന്‍.ബി.എസ്.എ) മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.

ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചു കൊണ്ട് അര്‍ണബ് നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. റാലിയില്‍ പങ്കെടുത്ത പരാതിക്കാരന്റെ മുഖം വട്ടമിട്ട് കാണിച്ച് അദ്ദേഹത്തെ ഗുണ്ടയെന്നും, ഉപദ്രവാകരിയെന്നും, മറ്റും വിശേഷിപ്പിച്ചതാണ് പരാതിക്ക് ആധാരം. എന്നാല്‍ തങ്ങളുടെ റിപ്പോര്‍ട്ടറെ റാലിയില്‍ പങ്കെടുത്തവര്‍ ഉപദ്രവിച്ചു എന്നാണ് ഇതിന് റിപബ്ലിക്ക് ടി.വി നല്‍കിയ വിശദീകരണം.

സംഭവത്തില്‍ റിപ്പബ്ലിക് ടി.വി അടച്ചു പൂട്ടാനും ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനും ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് എന്‍.ബി.എസ്.എ ആവശ്യപ്പെടുമെന്നും ജന്‍താകാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

തന്നെ അപമാനിച്ചതില്‍ റിപ്പബ്ലിക് ടി.വിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതിക്കാരന്‍ എന്‍.ബി.എസ്.എയെ സമീപിച്ചിരുന്നു. ഇവരുടെ പരാതി സ്വീകരിച്ച് എന്‍.ബി.എസ്.എ റിപ്പബ്ലിക് ടി.വിയോട് സെപ്തംബര്‍ 7മുതല്‍ 14 വരെ ചാനലില്‍ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ സമിതിയുടെ നിര്‍ദേശത്തെ മറികടന്ന് റിപ്പബ്ലിക് ടി.വി പുനപരിശോധനാ ഹര്‍ജി നല്‍കുകയാണുണ്ടായത്. പുനപരിശോധനാ ഹര്‍ജി സമിതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പുതിയ ഭീഷണിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തനിക്ക് എന്‍.ബി.എസ്.എയില്‍ നിന്നും ഇതെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് തന്‍റെ ബിസിനസ് പങ്കാളി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വെബ്‌സെറ്റായ മൈനാഷനോട് അര്‍ണാബ് പറഞ്ഞു.

We use cookies to give you the best possible experience. Learn more