| Tuesday, 10th November 2020, 1:17 pm

റേറ്റിംഗ് തട്ടിപ്പില്‍ കുരുങ്ങി റിപ്പബ്ലിക് ടി. വി; ചാനലിന്റെ ഡിസ്ട്രിബ്യൂഷന്‍ തലവന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റിപ്പബ്ലിക്ക് ടി. വി ഡിസ്ട്രിബ്യൂഷന്‍ തലവന്‍ ഘന്‍ശ്യാം സിങ് അറസ്റ്റില്‍. ചാനല്‍ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഘന്‍ശ്യാം സിംഗിനെ അറസ്റ്റ് ചെയ്തത്. ഘന്‍ശ്യാം സിങ്ങിനെ നാളെ കോടതിയില്‍ ഹാജരാക്കും.

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി എഡിറ്റര്‍ ഇന്‍ ചീഫായ ചാനലാണ് റിപ്പബ്ലിക് ടിവി. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ അര്‍ണാബിനെയും കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി അര്‍ണാബിന് ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു.

ചാനല്‍ റേറ്റിംഗ് തട്ടിപ്പ് കേസില്‍ 12ാം പ്രതിയാണ് അര്‍ണാബ് ഗോസ്വാമി.

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.

ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ മനസിലായിരുന്നു.

റിപ്പബ്ലിക് ടിവി ഉടമസ്ഥന്‍ അര്‍ണബ് ഗോസ്വാമി, ടൈംസ് നൗവിലെ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെ ബോളിവുഡ് അഭിനേതാക്കളും രംഗത്തെത്തിയിരുന്നു.

ബോളിവുഡ് സംവിധായകര്‍ക്കും താരങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പരാതി.

സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടത്തുന്ന മാധ്യമ വിചാരണകള്‍ ഇത്തരം ചാനലുകളില്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുന്നുവെന്നും ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Republic TV Distribution head got arrested

We use cookies to give you the best possible experience. Learn more