| Saturday, 10th October 2020, 1:40 pm

അര്‍ണബിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ റിപ്പബ്ലിക് ടിവി; സുപ്രീം കോടതി വാദം കേള്‍ക്കുന്നതുവരെ നടപടിയിലേക്ക് കടക്കരുതെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടി.ആര്‍.പി റേറ്റിങ്ങുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നതുവരെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി റിപ്പബ്ലിക് ടി.വി.

റിപ്പബ്ലിക് ടി.വി സി.എഫ്.ഒയാണ് പൊലീസിനെ സമീപിച്ചത്. ടി.ആര്‍.പി റേറ്റിങ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ചാനല്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കുമെന്നും റിപ്പബ്ലിക് ന്യൂസ് ചാനലിന്റെ സി.എഫ്.ഒ മുംബൈ പൊലീസിനെ അറിയിച്ചു.

അതുകൊണ്ട് തന്നെ സുപ്രീം കോടതി വാദം കേള്‍ക്കുന്നതുവരെ മറ്റു നടപടികളൊന്നും എടുക്കരുതെന്നാണ് റിപ്പബ്ലിക് ടിവി പൊലീസിനോട് അഭ്യര്‍ത്ഥിച്ചത്.

ടി.ആര്‍.പി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പരസ്യ ഏജന്‍സിയായ മാഡിസന്‍ പ്രതിനിധി സാം ബല്‍സാര മുംബൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്.

ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകിയിരിക്കുകയാണ്.

ഉടന്‍ തന്നെ അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് പറഞ്ഞിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതുവരെ മറ്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി പൊലീസിനെ സമീപിച്ചത്.

റിപബ്ലിക് ടി.വി, ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഭക്ത് ഭാരതിന്റെയും ബോക്സ് സിനിമയുടെയും ഉടമസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ചാനല്‍ അധികൃതര്‍ക്ക് മുംബൈ പൊലീസ് സമന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചാനലിന്റെ നടപടി.

ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് നിര്‍ണയിക്കാന്‍ ബാര്‍ക് ചുമതലപ്പെടുത്തിയ ഹസ്ന റിസര്‍ച്ച് എന്ന സ്ഥാപനം മുന്‍ ജീവനക്കാര്‍ക്കെതിരെ നല്‍കിയ പരാതിയിലുള്ള അന്വേഷണത്തിലാണ് തട്ടിപ്പു വെളിച്ചത്തുവന്നത്.
ബാര്‍ക്കിനുവേണ്ടി മുംബൈയിലെ 2,000 വീടുകളിലാണ് ഹസ്ന റിസര്‍ച്ച് ടി.ആര്‍.പി. നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഇതിനു നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ ചിലര്‍ ടെലിവിഷന്‍ ചാനലുകള്‍ക്കായി കൃത്രിമം കാണിച്ചെന്ന സംശയത്തിലാണ് ഹസ്ന റിസര്‍ച്ച് എന്ന സ്ഥാപനം പൊലീസിനെ സമീപിച്ചത്.

ഉപകരണം സ്ഥാപിച്ച വീട്ടില്‍ ആളില്ലാത്തപ്പോഴും ടെലിവിഷന്‍ തുറന്നുവെക്കാന്‍ അവര്‍ ആവശ്യപ്പെട്ടെന്നും ചില വീട്ടുകാര്‍ക്ക് അതിന് പ്രതിഫലവും നല്‍കിയെന്നും ഇംഗ്ലീഷ് അറിയുന്ന ഒരാളുപോലുമില്ലാത്ത ചില വീട്ടുകാര്‍ പണം കിട്ടുമെന്നതുകൊണ്ട് വീട്ടില്‍ ഇംഗ്ലീഷ് ചാനല്‍ സ്ഥിരമായി വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നു അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

ടെലിവിഷന്‍ ചാനലുകള്‍ക്ക് പരസ്യങ്ങള്‍ കിട്ടുന്നതും പരസ്യനിരക്ക് നിര്‍ണയിക്കപ്പെടുന്നതും ടി.ആര്‍.പി.യുടെകൂടി അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഇതില്‍ കൃത്രിമം കാണിക്കുന്നതിന് ചാനലുകള്‍ കോടികള്‍ മുടക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇവര്‍ ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് പറയുന്നത്.

ടി.ആര്‍.പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Republic TV CFO requests cops to halt investigation until Supreme Court hearing

We use cookies to give you the best possible experience. Learn more