കോഴിക്കോട്: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ നടക്കുന്നത് റിപ്പബ്ലിക് ടി.വിയുടെ കരുതുക്കൂട്ടിയുളള ആക്രമണമെന്ന് തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍. തരൂര്‍ പോകുന്നിടത്തെല്ലാം നാല് റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്‍മാരെയും പറഞ്ഞുവിട്ട് ആക്രമിക്കുകയാണ് റിപ്പബ്ലിക് ടി.വിയെന്ന് വീഡിയോ സഹിതം ഹര്‍ഷന്‍ തുറന്നുകാട്ടുന്നു. ഫേസ്ബുക്കിലൂടെയാണ് ഹര്‍ഷന്‍ തരൂരിനെതിരായ റിപ്പബ്ലിക് ടി.വിയുടെ ആക്രമണം തുറന്നുകാട്ടുന്നത്.
“മാധ്യമഗുണ്ടായിസം അവസാനിപ്പിയ്ക്കുക” അല്ല.., റിപ്പബ്ലിക് ചാനലിന്റെ തെമ്മാടിത്തം അവസാനിപ്പിയ്ക്കുക” എന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റിപ്പബ്ലിക് ടി.വിയുടെ ജീവനക്കാര്‍ ശശി തരൂരിനോട് കാണിയ്ക്കുന്നത് തനി ഗുണ്ടായിസമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു.
റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകര്‍ തരൂരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയല്ല മറിച്ച് അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുകയും തട്ടിക്കയറുകയും കൂവിയാര്‍ക്കുകയുമാണ് ചെയ്യുന്നതെന്നും ഹര്‍ഷന്‍ ആരോപിക്കുന്നു. അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടി.വി ഉടമകളിലൊരാളും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖറും കൂടി ചേര്‍ന്നു നടത്തുന്ന കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമാണ് തരൂരിനെതിരായ ആക്രമണമെന്നും ഹര്‍ഷന്‍ പറഞ്ഞുവെയ്ക്കുന്നു.
“രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനാണ്. എം.പി സ്ഥാനവും കേന്ദ്രമന്ത്രിപദവും മുഖ്യമന്ത്രിസ്ഥാനംതന്നെയും സ്വപ്നം കാണുന്ന ഒന്നാംതരം കച്ചവടക്കാരന്‍. ” അദ്ദേഹം പറയുന്നു.
റിപ്പബ്ലിക് ചാനലിന്റെ തുടക്കം മുതല്‍ തന്നെ ശശി തരൂരിനെ വേട്ടയാടുന്ന സമീപനമാണ് അര്‍ണബ് ഗോസ്വാമി സ്വീകരിച്ചതെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ വിശ്വസ്തന്റേത് എന്ന തരത്തില്‍ ചില ഫോണ്‍ സംഭാഷണങ്ങള്‍ റിപ്പബ്ലിക് ടി.വി പുറത്തുവിട്ടിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നു പറഞ്ഞ തരൂര്‍ കോടതിയില്‍ ഇവ തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കൂടാതെ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ കഴിഞ്ഞദിവസം ശശി തരൂര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലന്റെ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയും ചെയ്തിരുന്നു. രണ്ട് വനിതാ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയായിരുന്നു. ഈ സാഹചര്യത്തിലാണ് ശശി തരൂരിനെതിരെ റിപ്പബ്ലിക് ടി.വി നടത്തുന്ന “മാധ്യമഗുണ്ടായിസം” ഹര്‍ഷന്‍ തുറന്നുകാട്ടുന്നത്.
ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്:
“മാധ്യമഗുണ്ടായിസം അവസാനിപ്പിയ്ക്കുക” അല്ല.., റിപ്പബ്ലിക് ചാനലിന്റെ തെമ്മാടിത്തം അവസാനിപ്പിയ്ക്കുക”
മാധ്യമപ്രവര്‍ത്തനമെന്നപേരില്‍ റിപ്പബ്ലിക് ടിവിയുടെ ജീവനക്കാര്‍ ശശി തരൂരിനോട് കാണിയ്ക്കുന്നത് തനി ഗുണ്ടായിസമാണ്.
അര്‍ണബ് ഗോസ്വാമിയും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് തുടങ്ങിയ പങ്കുകച്ചവടത്തിന്റെ ലാഭക്കണ്ണ് രാഷ്ട്രീയത്തിലാണെന്ന് ബീഹാര്‍ എപ്പിസോഡിലൂടെ വ്യക്തമായതാണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമകൂടിയായ രാജീവ് ചന്ദ്രശേഖര്‍ വിത്തിറക്കിയിരിയ്ക്കുന്നത് കേരളത്തിലാണ്.ഒന്നും കാണാതല്ല റിപ്പബ്ലിക് ടിവി തരൂരിനെ അറഞ്ചം പുറഞ്ചം ആക്രമിയ്ക്കുന്നത്.തരൂര്‍ പോകുന്നിടത്തെല്ലാം നാല് റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്‍മാരെയും പറഞ്ഞുവിട്ടിരിയ്ക്കുകയാണ് ആ ചാനല്‍. ചോദ്യങ്ങള്‍ ചോദിയ്ക്കുകയല്ല പിടിച്ചുനിര്‍ത്തുകയും തട്ടിക്കയറുകയും കൂവിയാര്‍ക്കുകയുമാണ് ആ മാധ്യമപ്രവര്‍ത്തകവേഷധാരികള്‍.
രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനാണ്. എം.പി സ്ഥാനവും കേന്ദ്രമന്ത്രിപദവും മുഖ്യമന്ത്രിസ്ഥാനംതന്നെയും സ്വപ്നം കാണുന്ന ഒന്നാംതരം കച്ചവടക്കാരന്‍.
കോണ്‍ഗ്രസിന് ഇവിടൊരു ചാനലില്ലേ?,
നാലു റിപ്പോര്‍ട്ടര്‍മാരെ ഇറക്കിവിട്ട് രാജീവിനേം ഇങ്ങനെതന്നെ കൈകാര്യം ചെയ്യാവുന്നതാണ്. അമ്മായിഅച്ഛനുമായുള്ള സ്വത്തുതര്‍ക്കം എന്തായെന്നൊക്കെ ചോദിച്ചാല്‍ മതിയാകും.ഏതാണ്ട് അതുപോലുള്ള കാര്യങ്ങളൊക്കെയേ അര്‍ണബിന്റെ വെട്ടുക്കിളികള്‍ തരൂരിനോടും ചോദിയ്ക്കുന്നുള്ളൂ…
ഈ പോസ്റ്റിനൊപ്പമുള്ള വീഡിയോയിലെ റിപ്പോര്‍ട്ടര്‍മാരുടെ അഭ്യാസപ്രകടനങ്ങള്‍ കണ്ടുനോക്ക്, അവമ്മാരെ കുനിച്ചുനിര്‍ത്തീട്ട് “ഇടിയ്ക്കൂ പുറത്ത് ” എന്നാരും പറഞ്ഞുപോകും.