| Wednesday, 27th September 2023, 11:01 am

കള്ളമെന്ന് തെളിഞ്ഞിട്ടും ഒരാള്‍ കസ്റ്റഡിയിലെന്ന വാര്‍ത്തയുമായി റിപ്പബ്ലിക് ടി.വി; വ്യാജ വാര്‍ത്ത തിരുത്താതെ ബി.ജെ.പി അനുകൂല മാധ്യമങ്ങള്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം ജില്ലയിൽ തന്നെ മർദിച്ച് പി.എഫ്.ഐ എന്ന് ദേഹത്ത് ചാപ്പ കുത്തിയെന്ന സൈനികന്റെ പരാതി വ്യാജമെന്ന് കണ്ടെത്തിയിട്ടും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പഴയ വാർത്തകൾ പ്രചരിക്കുകയാണ്.

സൈനികനെ ആക്രമിച്ചവരിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ എന്ന് റിപ്പബ്ലിക് ടി.വിയിൽ വാർത്ത വന്നിരുന്നു. എന്നാൽ പരാതിയുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. കുറ്റപത്രത്തിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത് എന്ന രീതിയിലും റിപ്പബ്ലിക് ടി.വി വാർത്ത നൽകിയിരുന്നു. സൈനികനായ ഷൈൻ റിപ്പബ്ലിക് ചാനലിനോട് സംസാരിക്കുന്ന ഓഡിയോ ഉൾപ്പെടെ അവർ സംപ്രേക്ഷണം ചെയ്തിരുന്നു.

സംഭവത്തിലെ പ്രോപഗണ്ടയിൽ ദക്ഷിണേഷ്യയിലെ മുൻനിര വാർത്താ ഏജൻസിയായ എ.എൻ.ഐ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആൾട്ട് ന്യൂസ്‌ സ്ഥാപകൻ മുഹമ്മദ്‌ സുബൈർ ആരോപിച്ചു.
‘സൈനികൻ ആക്രമിക്കപ്പെടുകയും പി.എഫ്.ഐ എന്ന് ചാപ്പ കുത്തുകയും ചെയ്തുവെന്ന റിപ്പോർട്ട് പുറത്തുവന്നപ്പോൾ 9 ട്വീറ്റുകളാണ് എക്‌സിൽ എ.എൻ.ഐ പോസ്റ്റ്‌ ചെയ്തത്. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ എടുക്കാൻ അവരെയും സമീപിച്ചിരുന്നു.

എന്നാൽ സൈനികന്റെ സുഹൃത്ത് അറസ്റ്റിലാവുകയും പ്രശസ്തനാകാൻ ചെയ്തതാണെന്ന് തുറന്നുപറയുകയും ചെയ്തപ്പോൾ എ.എൻ.ഐ വാർത്ത നൽകുന്നത് നിർത്തി,’ മുഹമ്മദ്‌ സുബൈർ എക്‌സിൽ പങ്കുവെച്ച സ്ക്രീന്ഷോട്ടുകൾക്കും വീഡിയോക്കുമൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ട്വീറ്റ്‌ ചെയ്ത് കേരളത്തിൽ പി.എഫ്.ഐ തീവ്രവാദികൾ സൈനികനെ ആക്രമിച്ചുവെന്നും സംസ്ഥാന സർക്കാർ തീവ്രവാദികൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്ന വിവരം ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നില്ല.

പി.എഫ്.ഐ പ്രവർത്തകർ ഷൈനിനെ ആക്രമിച്ചു എന്ന വാർത്ത നൽകിയ പല ദേശീയ മാധ്യമങ്ങളും വാർത്ത വ്യാജമാണെന്ന കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.

ആരോപണം ഉണ്ടായ ഉടൻ തന്നെ ബി.ജെ.പി പ്രവർത്തകരും ജനം ടി.വിയും വലിയ രീതിയിൽ ചർച്ച നടത്തിയിരുന്നു. വ്യാജ വാർത്തയാണെന്ന് തെളിഞ്ഞതോടെ പഴയ വാർത്ത പിൻവലിച്ച ജനം ടി.വി ഓൺലൈൻ സംഭവം വ്യാജമാണെന്ന വാർത്ത കൊടുക്കാൻ തയ്യാറായിട്ടുമില്ല.

ബി.ജെ.പി പ്രവർത്തകർ കഴിഞ്ഞ ദിവസം കടക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തിയിരുന്നു.
പരാതി ഉണ്ടായ ദിവസം ജനം ടി.വി, ‘ഈ അഴിഞ്ഞാട്ടം ആരുടെ പേരിൽ’ എന്ന തലക്കെട്ടോടെ നടത്തിയ ചർച്ച യൂട്യൂബിൽ നിന്ന് ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്.

കടയ്ക്കൽ സ്വദേശി ഷൈൻ കുമാറാണ് ഒരു സംഘം ആളുകൾ മർദിച്ചതായും ദേഹത്ത് പി.എഫ്.ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് എഴുതിയെന്നും പരാതി നൽകിയിരുന്നത്.
പിന്നാലെ പരാതി വ്യാജമാണെന്ന് മനസിലാക്കിയ പൊലീസ് ഷൈൻ കുമാറിനെയും സുഹൃത്ത് ജോഷിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുതുകിൽ പി.എഫ്.ഐ. എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് മൊഴി നൽകിയിരുന്നു.

Content Highlight: Republic TV says a person is in custody despite complaint about PFI being proved to be false; Pro-BJP media without correcting fake news

Latest Stories

We use cookies to give you the best possible experience. Learn more