താമര ചിത്രം പിടിപ്പിച്ച് റിപ്പബ്ലിക് ദിന റാലി; അങ്കണവാടി അടച്ചുപൂട്ടി; അധ്യാപികയ്ക്കും ആയയ്ക്കും സസ്പെന്‍ഷന്‍
Kerala News
താമര ചിത്രം പിടിപ്പിച്ച് റിപ്പബ്ലിക് ദിന റാലി; അങ്കണവാടി അടച്ചുപൂട്ടി; അധ്യാപികയ്ക്കും ആയയ്ക്കും സസ്പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 8:06 am

താമരശ്ശേരി: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ചിഹ്നം പതിച്ച പ്ലക്കാര്‍ഡുമായി കുട്ടികളെ അണിനിരത്തി റിപ്പബ്ലിക് ദിന റാലി നടത്തി വിവാദമായ അങ്കണവാടി അടച്ചുപൂട്ടി. അങ്കണവാടി അധ്യാപികയെയും ആയയെയും അന്വേഷണവിധേയമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി.

താമരശ്ശേരി പഞ്ചായത്തിലെ തേറ്റാമ്പുറം മലര്‍വാടി അങ്കണവാടിയാണ് കൊടുവള്ളി ബ്ലോക്ക് ശിശുവികസനപദ്ധതി ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് നടപടി.

താമരശ്ശേരി തേറ്റാമ്പുറം മലര്‍വാടി അംഗന്‍വാടിയില്‍ നടന്ന റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്ലക്കാര്‍ഡായി നല്‍കിയത് ബി.ജെ.പി തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കുന്ന കാവി നിറമുള്ള താമരയാണെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കളായിരുന്നു ആദ്യം രംഗത്തെത്തിയത്. ദേശീയ പുഷ്പമെന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നവും നിറവുമുപയോഗിച്ച് കുട്ടികളെ ഉപയോഗപ്പെടുത്തി റാലിയെ പ്രചരണജാഥയാക്കി മാറ്റുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Read Also : ഗാന്ധിയെ “വെടിവെച്ചു കൊന്ന” കേസില്‍ മൂന്ന് ഹിന്ദു സഭാ നേതാക്കള്‍ അറസ്റ്റില്‍; പൂജ പാണ്ഡെ ഒളിവില്‍

അതിന് പിന്നാലെയാണ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ നടപടി എടുത്തിരിക്കുന്നത്. റാലിയുടെ ചിത്രം പ്രദേശത്തെ ബി.ജെ.പി. നേതാവ് എടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. പിറ്റേന്ന് ഇതേപ്പറ്റി അന്വേഷിക്കാന്‍  ഏതാനും രക്ഷിതാക്കള്‍ അങ്കണവാടിയിലെത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്തിരുന്നു.

രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പടെ അമ്പതോളം പേര്‍ മാത്രം പങ്കെടുത്ത റാലിയില്‍ രാഷ്ട്രപിതാവിന്റേയും ദേശീയ മൃഗത്തിന്റേയും ഓരോ പ്ലക്കാര്‍ഡുകള്‍ മാത്രം അധികം ശ്രദ്ധിക്കാത്ത രീതിയില്‍ ഉപയോഗിക്കപ്പെട്ടപ്പോള്‍, കാവി നിറമുള്ള താമരയുടെ ചിഹ്നങ്ങള്‍ അമിത പ്രാധാന്യത്തോടെ ഉപയോഗിച്ചതില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് രക്ഷിതാക്കളില്‍ ഒരു വിഭാഗത്തിന്റെ പക്ഷം.

അതേസമയം, വിവാദമായ പ്ലക്കാര്‍ഡുകള്‍ രണ്ട് വര്‍ഷം മുമ്പ് തയ്യാറാക്കിവച്ചതാണെന്നും കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനറാലിയിലും ഇത് ഉപയോഗിച്ചതാണെന്നും അങ്കണവാടി പ്രവര്‍ത്തകരുടെ വിശദീകരണം. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുചിഹ്നമാണെന്ന ധാരണ ഇത് ഉപയോഗിച്ചപ്പോള്‍ ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.