പശുവും കാശിക്ഷേത്രവും, സ്ഥിരം ഫോര്‍മുലയുമായി ഉത്തര്‍പ്രദേശ്; ഹനുമാനെ അവതരിപ്പിച്ച് കര്‍ണാടക; കേന്ദ്രം അംഗീകരിച്ച 'നിലവാരമുള്ള' ടാബ്ലോകളുമായി സംസ്ഥാനങ്ങളുടെ പരേഡ്
ന്യൂദല്‍ഹി: രാജ്യം 73ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കി എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു കേട്ടിരുന്നു.
ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിന്റെയും, ഡി.എം.കെ നേതൃത്വം നല്‍കുന്ന തമിഴ്‌നാടിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിന്റെയുമടക്കം റിപബ്ലിക് ദിന ടാബ്ലോകള്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു. ടാബ്ലോകള്‍ക്ക് നിലവാരം പോരാ എന്ന വാദമുന്നയിച്ചാണ് കേന്ദ്രം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും ടാബ്ലോകള്‍ക്ക് അനുമതി നിഷേധിച്ചത്.
എന്നാല്‍ കേന്ദ്രം അംഗീകരിച്ച നിലവാരത്തോടെ പരേഡിലെത്തിയ സംസ്ഥാനങ്ങളുടെ ടാബ്ലോ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഹിന്ദുത്വ ആശയങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു പല സംസ്ഥാനങ്ങളുടെയും ടാബ്ലോ.
പരേഡില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍
ഹേംകുണ്ഡ് സാഹേബ് ഗുരുദ്വാരയുടെ രൂപമായിരുന്നു ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിന്റെ ടാബ്ലോയുടെ വിഷയം.
ഉത്തരാഖണ്ഡിന്റെ ടാബ്ലോ
ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയായിരുന്നു ഹരിയാനയുടെ ടാബ്ലോയുടെ വിഷയം. ഗോവ തങ്ങളുടെ പരമ്പരാഗത രീതികള്‍ ടാബ്ലോയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, ജാലിയന്‍ വാലാബാഗും ഉദ്ദം സിംഗുമായിരുന്നു പഞ്ചാബിന്റെ ടാബ്ലോയുടെ വിഷയം.
പല സംസ്ഥാനങ്ങളുടെ ടാബ്ലോകളും ഹിന്ദുത്വ അജണ്ട വ്യക്തമാക്കിയപ്പോള്‍, ഒഴിവാക്കിയ സംസ്ഥാനങ്ങളുടെ ടാബ്ലോകളില്‍ ആശയത്തില്‍ മികച്ചു നിന്നു എന്ന അഭിപ്രായമാണ് ഉയരുന്നത്.
ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ടാബ്ലോ
കേരളത്തിന്റെ ടൂറിസം മേഖലയുടെ പ്രാധാന്യമുള്‍പ്പെടുത്തിയുള്ള ജടായുപ്പാറയുടെയും നവോത്ഥാന നായകനായ ശ്രീ നാരായണഗുരുവിന്റെയും പ്ലോട്ടുകളുടെ സ്‌കെച്ചാണ് കേരളം നല്‍കിയിരുന്നത്. ആദ്യ ഘട്ടത്തില്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ന്ന് കേരളം റിപബ്ലിക് ദിന പരേഡില്‍ വേണ്ട എന്ന നിലപാടിലേക്ക് കേന്ദ്രം എത്തിച്ചേരുകയായിരുന്നു.
കേരളം സമര്‍പ്പിച്ച ടാബ്ലോയുടെ മാതൃക
ഇതേ അവസ്ഥ തന്നെയായിരുന്നു തമിഴ്‌നാടിനും നേരിടേണ്ടി വന്നത്. തമിഴ്നാടിന്റെ ടാബ്ലോ ഒഴിവാക്കിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായ ചിദംബരണര്‍, മഹാകവി സുബ്രഹ്‌മണ്യ ഭാരതിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഇന്ത്യയിലെ ആദ്യ രാജ്ഞിയായ റാണി വേലു നാച്ചിയാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊലപ്പെടുത്തിയ മരതുര്‍ സഹോദരന്‍മാര്‍ ഇവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു തമിഴ്നാടിന്റെ ഇത്തവണത്തെ ടാബ്ലോ.
തമിഴ്‌നാടിന്റെ ടാബ്ലോയുടെ മാതൃക
ഇത്തരത്തില്‍ ബിര്‍സ മുണ്ടയടക്കമുള്ള ടാബ്ലോകള്‍ക്ക് ‘നിലവാരത്തകര്‍ച്ചയുടെ’ പേരില്‍ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്ന റിപബ്ലിക് ദിനത്തില്‍ പോലും ബി.ജെ.പി തങ്ങളുടെ കേവലരാഷ്ട്രീയം മാത്രമാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.
Content Highlight: Republic Day Parade, Tableau of some states features Hindu temple and gods