| Wednesday, 28th January 2015, 11:02 am

പതാകയെ സല്യൂട്ട് ചെയ്യാതിരുന്നത് പ്രോട്ടോക്കോള്‍ പ്രകാരമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ്, തെറ്റ് പറ്റിയത് മോദിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ ഗാന വിവാദത്തിന് വിശദീകരണവുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത്. റിപബ്ലിക് ദിന ചടങ്ങില്‍ ദേശീയ ഗാനം സല്യൂട്ട് ചെയ്യാത്ത ഉപരാഷ്ട്രപതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് രാഷ്ട്രപതിയുടെ വിശദീകരണം.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയും യൂണിഫോമിലുള്ളവരും മാത്രം പതാകയെ സല്യൂട്ട് ചെയ്താല്‍ മതിയെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി. പ്രസ്താവനയയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതി സല്യൂട്ട് ചെയ്യുമ്പോള്‍ ഉപരാഷ്ട്രപതി അറ്റന്‍ഷനായി നില്‍ക്കുകയാണ് വേണ്ടതെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ഉപരാഷ്ട്രപതി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാരോപിച്ച് വ്യാപക പ്രതിഷേധമായിരുന്നു അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്.

ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യണമെന്നും അദ്ദേഹം രാജ്യ സ്‌നേഹം തെളിയിക്കണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു. ഇസിസില്‍ ചേരാന്‍ വരെ അദ്ദേഹത്തോട് ചിലര്‍ സോഷ്യല്‍ മീഡിയ വഴി പറഞ്ഞിരുന്നു.

വകുപ്പ് 6 (3.31) പ്രകാരം പതായ ഉയര്‍ത്തുമ്പോഴും താഴ്ത്തുമ്പോഴും പരേഡ് സമയത്തും എല്ലാവരും പതാകയില്‍ നോക്കി അറ്റന്‍ഷനായി നില്‍ക്കുകയും യൂണിഫോമില്‍ നില്‍ക്കുന്നവര്‍ സല്യൂട്ട് ചെയ്യുകയും വേണം. പതാക ചലിച്ച് കൊണ്ടിരിക്കുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കുകയോ പതാക അവരെ കടന്നു പോകുന്നതുവരെ സല്യൂട്ട് ചെയ്യുകയോ വേണം.

പ്രാട്ടോക്കോള്‍ പ്രകാരം ഹമീത് അന്‍സാരി ചെയ്തത് രിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത് തെറ്റുമാണ ഇന്നാണ് ഈ വകുപ്പ് പ്രകാരം നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. റിപബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയാണ് സല്യൂട്ട് സ്വീകരിക്കേണ്ടത് എന്നറിയാത്തവരാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്ന കമന്റുകളാണ് മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മോദിയാണ് ശരിയെന്ന് കരുതി ഉപരാഷ്ട്രപതിയെ അപമാനിച്ച പ്രവണതയെയും സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കപട രാജ്യ സ്‌നേഹമുള്ളവരാണ് മോദിയുടെ വിവരക്കേടിനെ സ്തുതിച്ച് അന്‍സാരിയെ അപമാനിച്ചതെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

We use cookies to give you the best possible experience. Learn more