ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രം നിരോധിച്ച വാര്‍ത്തയില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ നിരുപാധികം മാപ്പു പറഞ്ഞ് റിപ്പബ്ലിക് ടി.വി. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ജലാലുദ്ദീന്‍ ഉമരിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ചാനല്‍ മാപ്പ് പറഞ്ഞത്.
ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു ചാനലിന്റെ പ്രതികരണം. വാര്‍ത്തയില്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ഉപയോഗിച്ചത് വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണെന്നും തെറ്റ് ശ്രദ്ധയില്‍പെട്ടതിന് പിറകെ ഇതു തിരുത്തിയെന്നും വിശദീകരണത്തില്‍ ചാനല്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിവില്ലാത്തവരാണോ റിപ്പബ്ലിക് ടി.വി നടത്തിപ്പുകാരെന്ന് ഉമരി വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
Republic TV unconditionally apologises to Maulana Syed Jalaluddin Umri for the same @AIMPLB_Official (2/2) pic.twitter.com/RIOEw5G4RK
— Republic (@republic) March 3, 2019
കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്ലാമി ഹിന്ദില്‍ പ്രവര്‍ത്തിക്കുന്ന തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചുവരികയാണ്. ദല്‍ഹിയിലുള്ള തന്നെക്കുറിച്ച് അത്തരത്തിലുള്ള ഒരു വാര്‍ത്ത നല്‍കുന്നതിന് മുമ്പ് തന്നെ ചുരുങ്ങിയത് ആ ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്നും ഉമരി പറഞ്ഞിരുന്നു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ അങ്ങേയറ്റം നിരുത്തരവാദപരമായ തരത്തിലാണ് ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു.