Kerala News
വനിത പ്രാതിനിധ്യം; വിമര്‍ശനം ഉള്‍ക്കൊള്ളുന്നു, ലീഗിനകത്ത് കാലാനുസൃതമായ മാറ്റമുണ്ടാകണം: പി.കെ. ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 09, 08:09 am
Sunday, 9th February 2025, 1:39 pm

കോഴിക്കോട്: വനിത പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മുസ്‌ലിം ലീഗിനകത്ത് കാലാനുസൃതമായ മാറ്റമുണ്ടാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിലുള്‍പ്പടെ അത്തരത്തിലുള്ള മാറ്റങ്ങളുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പി.കെ. ഫിറോസ് പറഞ്ഞു. ന്യൂസ് 18 ചാനലിലെ ക്യു 18 എന്ന അഭിമുഖ പരിപാടിയില്‍ അപര്‍ണ കുറുപ്പുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച ലീഗിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.

ലീഗിനകത്ത് സ്ത്രീകള്‍ക്ക് പൂര്‍ണമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന വിശ്വാസം തനിക്കില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു. ആ വിമര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ടാണ് കഴിഞ്ഞ തവണ പോഷകസംഘടനകളുടെ ഭാരവാഹികളില്‍ 20 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പുരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും തരത്തിലുള്ള ചട്ടക്കൂടുകളില്ലാത്ത സി.പി.ഐ.എമ്മും പുരുഷകേന്ദ്രീകൃത മനോഭാവവുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും പി.കെ. ഫിറോസ് കുറ്റപ്പെടുത്തി. സി.പി.ഐ.എമ്മിന്റെ ലോക്കല്‍, ഏരിയ, ജില്ല സെക്രട്ടറിമാരില്‍ എത്ര വനിതകളുണ്ടെന്നും പി.കെ ഫിറോസ് ചോദിച്ചു. രാഷ്ട്രപതി മുതല്‍ താഴെ തലം വരെ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ബി.ജെ.പി ആദ്യം എല്ലാവരെയും മനുഷ്യരായി പരിഗണിക്കുകയാണ് വേണ്ടതെന്നും പി.കെ. ഫിറോസ് പറഞ്ഞു.

‘മുസ്‌ലിം ലീഗിനകത്ത് സ്ത്രീകള്‍ക്ക് പൂര്‍ണമായും പ്രാതിനിധ്യം ലഭിക്കുന്നുണ്ട് എന്ന വിശ്വാസം എനിക്കില്ല. അത് കൊണ്ടാണ് കഴിഞ്ഞ തവണ ചര്‍ച്ചയുണ്ടായപ്പോള്‍ 20 ശതമാനം റെപ്രസന്റേഷന്‍ സ്ത്രീകള്‍ക്ക് നല്‍കണമെന്ന് ലീഗ് തീരുമാനിച്ചത്. ലീഗിന്റെ എല്ലാ പോഷക ഘടകങ്ങളിലും വനിത ഭാരവാഹികളുണ്ടാകണമെന്നും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ഈ ചട്ടക്കൂടുകളൊന്നുമില്ല സി.പി.ഐ.എമ്മിനകത്തെ സ്ത്രീകളുടെ പ്രാതിനിധ്യത്തിന്റെ അവസ്ഥ അടുത്ത കാലത്തായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിട്ടുണ്ട്. അതിനകത്ത് എത്ര ഏരിയ സെക്രട്ടറിമാര്‍ ഉണ്ട് , എത്ര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ ഉണ്ട് , എത്ര ജില്ല സെക്രട്ടറിമാര്‍ ഉണ്ട്, ചര്‍ച്ച ചെയ്യട്ടെ. ചട്ടക്കൂടുകളൊന്നുമില്ലാത്ത സി.പി.ഐ.എമ്മിനകത്ത് പോലും പുരുഷ കേന്ദ്രീകൃതമായൊരു മനോഭാവത്തിലാണ് അവര്‍ മുന്നോട്ട് പോകുന്നത്.

ബി.ജെ.പി എല്ലാവരെയും മനുഷ്യരായി പരിഗണിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ മുഖം മിനുക്കാനായി കുറച്ച് സ്ത്രീകള്‍ക്ക് പാര്‍ടിസിപേഷന്‍ നല്‍കിയത് കൊണ്ട് അവരുടെ മുഖം നന്നാകില്ല. പുള്ളിപ്പുലിയുടെ വര മായ്ച്ചത്‌കൊണ്ട് പുലിയുടെ സ്വഭാവം മാറില്ല.

ലീഗിനകത്ത് കാലാനുസൃതമായ മാറ്റമുണ്ടാകണം. ഞാന്‍ ആ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. അത് നല്ല വിമര്‍ശനമാണ്. അതിനകത്ത് മാറ്റങ്ങളുണ്ടാകണം. സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടാകണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. പറയാവുന്ന വേദികളിലൊക്കെ ഞാന്‍ ഈ അഭിപ്രായം പറയാറുണ്ട്. ഇനിയും ഇക്കാര്യം പറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട,’ പി.കെ. ഫിറോസ് പറഞ്ഞു.

ലീഗ് തലമുറമാറ്റത്തിലേക്ക് കടക്കുമ്പോള്‍ സ്ത്രീകളുള്‍പ്പടെയുള്ള പുതിയ ആളുകളുടെ പേരുകളുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പി.കെ. ഫിറോസ് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത പ്രാതിനിധ്യമുണ്ടായിരുന്നെന്നും നിര്‍ഭാഗ്യവശാല്‍ ജയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലടക്കം വരുംകാലങ്ങളില്‍ കൂടുതല്‍ റെപ്രസന്റേഷന്‍ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പി.കെ. ഫിറോസ് കൂട്ടിച്ചേര്‍ത്തു.

content highlights: representation of women; Criticism is contained, there should be seasonal change within the league: PK Firoz