ന്യൂദല്‍ഹി: സുദര്‍ശന്‍ ടി.വിയുടെ ‘യു.പി.എസ്.സി ജിഹാദ്’ പരിപാടിയില്‍ മുസ്‌ലിങ്ങളെ ദുരൂഹമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. കേസില്‍ സുദര്‍ശന്‍ ടി.വിയോട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മനുഷ്യരുടെ ആത്മാഭിമാനമെന്ന് കോടതി നിരീക്ഷിച്ചു.
‘വിവിധങ്ങളായ ആശയങ്ങള്‍ ഇന്ത്യയില്‍ സമൃദ്ധമാകട്ടെ. അടിയന്തരാവസ്ഥക്കാലത്ത് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. പക്ഷെ അഭിപ്രായസ്വാതന്ത്ര്യം പോലെ തന്നെ മനുഷ്യരുടെ ആത്മാഭിമാനവും കാത്തുസൂക്ഷിക്കാനുള്ള ഭരണഘടനാപരമായ കര്‍ത്തവ്യം ഞങ്ങള്‍ക്കുണ്ട്’, ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.
പ്രകോപനപരമായ രീതിയിലാണ് പരിപാടി ചിത്രീകരിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.
‘മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ താടി, തൊപ്പി, പച്ചമുഖം, പശ്ചാത്തലത്തില്‍ അഗ്നിനാളങ്ങള്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങള്‍ സിവില്‍ സര്‍വീസുകളെ പരാമര്‍ശിക്കുമ്പോഴെല്ലാം, ഐ.എസിനെ പരാമര്‍ശിക്കുന്നു, ഇത് മുസ്‌ലിങ്ങളുടെ ഗൂഢാലോചനയാണെന്ന് നിങ്ങള്‍ കാണിക്കുന്നതിനാല്‍ തന്നെ അത് ഗൗരവതരമാണ്’, ചന്ദ്രചൂഢ് പറഞ്ഞു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താമെന്നും എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെങ്കില്‍ അത് അനുവദിക്കാന്‍ തങ്ങള്‍ക്കാകുമോയെന്നും കോടതി ചോദിച്ചു.
ചാനലിന്റെ റിപ്പോര്‍ട്ട് ചില ഗുരുതര സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെങ്കിലും അതിനൊപ്പം മനുഷ്യരുടെ മഹത്വത്തെക്കുറിച്ചുള്ള ആശങ്കകളും ഉന്നയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
നേരത്തേയും സുദര്‍ശന്‍ ടി.വിയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മുസ്ലീങ്ങളെ നിന്ദിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യസമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മൂല്യങ്ങളുടേയും ഉരുകുന്ന കുടമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്.
ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞുകയറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് അനുവദിക്കാനാകില്ല.
ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വഞ്ചനാപരമായ ശ്രമമാണിത്.
ഈ രാജ്യത്തിന്റെ സുപ്രീംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസ് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുന്നു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് അനുവദിച്ച് തരാനാകില്ല. ഒരു മാധ്യമപ്രവര്‍ത്തകന് അത്തരത്തിലുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല.
ഒരു സ്വാതന്ത്ര്യവും കേവലമല്ല, പത്രസ്വാതന്ത്ര്യം പോലും. അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഭരണഘടനാപരമായ മറ്റ് മൂല്യങ്ങളിലേക്കും അവകാശങ്ങളിലേക്കും തങ്ങള്‍ക്ക് കടക്കേണ്ടതുണ്ട്.
ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്.
ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും. മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം.
മുസ്ലിം വിഭാഗത്തിലെ ജനങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് എത്തുന്നത് ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന് ഈ പരിപാടിയില്‍ പറയുന്നു. വസ്തുതപരമായി തെളിയിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന യു.പി.എസ്.സിയുടെ വിശ്വാസ്യതയെക്കൂടിയാണ് ചോദ്യം ചെയ്യുന്നത്.
നേരത്തേ യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിപാടി മുസ്ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക