ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2. ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി. പ്രീ റിലീസ് ബിസിനസ്സിലൂടെ മാത്രം 1000 കോടിക്കുമുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗവും ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് എല്ലാം അവസാനിച്ച ശേഷം സംവിധായകന്‍ സുകുമാര്‍, റസൂല്‍ പൂക്കുട്ടി, എം.ആര്‍. രാജകൃഷ്ണന്‍ എന്നിവര്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് മൂന്നാം ഭാഗം ഉറപ്പായത്. ഫോട്ടോയ്ക്ക് പിന്നിലായി സ്‌ക്രീനില്‍ പുഷ്പ 3 എന്ന് എഴുതിയത് കാണാന്‍ സാധിക്കും.
ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ട വില്ലന്‍ വേഷത്തിലെത്തിയേക്കുമെന്നാണ് സൂചന. രണ്ട് വര്‍ഷം മുമ്പുള്ള വിജയ്‌യുടെ പഴയ ട്വീറ്റാണ് ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. ‘പുഷ്പ ദ റൈസ്, പുഷ്പ ദ റൂള്‍, പുഷ്പ ദ റാംപേജ്. താങ്കളോടൊപ്പം സിനിമ ചെയ്യാന്‍ കാത്തിരിക്കുന്നു’ എന്നാണ് വിജയ് തന്റെ ട്വീറ്റില്‍ കുറിച്ചത്.
എന്നാല്‍ മൂന്നാം ഭാഗത്തില്‍ അല്ലു അര്‍ജുന്‍ ഭാഗമാകാന്‍ സാധ്യതയില്ലെന്നും ഉയര്‍ന്നുകേള്‍ക്കുന്നു. രണ്ട് ഭാഗങ്ങള്‍ക്കായി കരിയറിലെ അഞ്ച് വര്‍ഷങ്ങളാണ് അല്ലു മാറ്റിവെച്ചത്. അതില്‍ തന്നെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് നീണ്ടുപോയത് താരത്തെ ചെറുതായി അസ്വസ്ഥനാക്കിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നാം ഭാഗത്തിനുള്ള സൂചന എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ചിത്രത്തിന്റെ ബുക്കിങ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുന്നേറുകയാണ്. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്ക് 98 കോടിയാണ് ചിത്രം നേടിയത്. ആദ്യദിനം തന്നെ 300 കോടിക്ക് മുകളില്‍ ചിത്രം നേടുമെന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ ഡിസംബര്‍ നാലിന് രാത്രി 9.30 മുതല്‍ ആരംഭിക്കും. തെലങ്കാനയില്‍ ആദ്യദിനം ടിക്കറ്റ് നിരക്ക് 1000ത്തിന് മുകളിലാണ്.
അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ്. ആദ്യഭാഗത്തില്‍ വെറും 20 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെട്ട ഫഹദിന്റെ കഥാപാത്രം വലിയ ചര്‍ച്ചയായിരുന്നു. താരത്തിന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിക്കാന്‍ പുഷ്പയും ഒരു കാരണമായി മാറി. പുഷ്പരാജും ഭന്‍വര്‍ സിങ് ഷഖാവത്തും തമ്മിലുള്ള പോരാട്ടമാകും ചിത്രത്തിന്റെ ഹൈലൈറ്റ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദ, ബംഗാളി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlight: Reports that Pushpa movie will have third part