|

പുഷ്പയുടെ മൂന്നാം വരവ് ഒരുപാട് വൈകും, തമിഴിലെയും തെലുങ്കിലെയും സംവിധായകരോടൊപ്പം സൂപ്പര്‍ പ്രൊജക്ടുകളുമായി അല്ലു അര്‍ജുന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുഷ്പ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്റ്റാര്‍ഡം ഉയര്‍ത്തിയ നടനാണ് അല്ലു അര്‍ജുന്‍. ഹിന്ദി ഡബ്ബ് ചിത്രങ്ങളിലൂടെ നോര്‍ത്തില്‍ ജനപ്രീതിയുണ്ടാക്കിയ അല്ലുവിന് പുഷ്പയിലൂടെ വലിയ സ്റ്റാര്‍ഡം നേടാന്‍ സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് നേട്ടവും സ്വന്തമാക്കി. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചാണ് പുഷ്പ 2 അവസാനിച്ചത്.

എന്നാല്‍ പുഷ്പ 3 കുറച്ച് വൈകുമെന്നും അതിനിടയില്‍ മൂന്ന് വമ്പന്‍ പ്രൊജക്ടുകളില്‍ അല്ലു അര്‍ജുന്‍ ഭാഗമാകുമെന്നാണ് പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. ജവാനിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയ അറ്റ്‌ലീയുമായാണ് അല്ലു ആദ്യം കൈകോര്‍ക്കുന്നത്. അറ്റ്‌ലീയുടെ തെലുങ്ക് അരങ്ങേറ്റം ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളോടൊപ്പമാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സാകും ചിത്രം നിര്‍മിക്കുക.

അലാ വൈകുണ്ഡപുരംലോ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ത്രിവിക്രവുമായി ഒന്നിക്കുന്ന പ്രൊജക്ടാകും അതിന് ശേഷമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വൈകുണ്ഡപുരത്തിന്റെ അതേ ടീമിന്റെ റീ യൂണിയനാകും AA 24 എന്ന് അഭ്യൂഹങ്ങളുണ്ട്. ബാഹുബലിയുടെ ഒഴികെ മറ്റെല്ലാ ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ത്ത ടീം വീണ്ടും ഒന്നിക്കുമ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

തെലുങ്കിലും ഹിന്ദിയിലും ഒരുപോലെ സെന്‍സേഷനായ സന്ദീപ് റെഡ്ഡി വാങ്കക്കൊപ്പമാകും അല്ലു തന്റെ 25ാമത്തെ ചിത്രം ചെയ്യുകയെന്നാണ് റൂമറുകള്‍. ഇതുവരെ കാണാത്ത തരത്തില്‍ ആക്ഷനും വയലന്‍സും നിറഞ്ഞ വേഷത്തില്‍ അല്ലുവിനെ വാങ്ക പ്രസന്റ് ചെയ്യുന്ന ചിത്രമാകും ഇതെന്ന് കരുതപ്പെടുന്നു. നിലവില്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സ്പിരിറ്റിന്റെ തിരക്കിലാണ് സന്ദീപ് റെഡ്ഡി വാങ്ക. 2026 അവസാനമാകും അല്ലു- വാങ്ക പ്രൊജക്ട് ആരംഭിക്കുകയെന്ന് കേള്‍ക്കുന്നു.

ഈ മൂന്ന് ചിത്രങ്ങളുടെയും തിരക്കുകള്‍ കഴിഞ്ഞതിന് ശേഷമാകും പുഷ്പ 3ക്കായി അല്ലു സുകുമാറിനൊപ്പം ചേരുകയെന്നാണ് അറിയാന്‍ കഴിയുന്നത്. പുഷ്പയുടെ രണ്ട് ഭാഗങ്ങള്‍ക്കും വേണ്ടി അഞ്ച് വര്‍ഷത്തോളമാണ് അല്ലു അര്‍ജുന്‍ മാറ്റിവെച്ചത്. പുഷ്പ 2വിന്റെ ഷൂട്ടിനിടെ പല തവണയായി സ്‌ക്രിപ്റ്റ് മാറ്റിയെഴുതിയത് അല്ലുവിനും സുകുമാറിനുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അതേസമയം സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തിലൂടെ അല്ലു തന്റെ ബോളിവുഡ് എന്‍ട്രി നടത്താന്‍ ഒരുങ്ങുന്നെന്ന് റൂമറുകളുണ്ടായിരുന്നു. സല്‍മാന്‍ ഖാന് വേണ്ടി ബന്‍സാലി തയാറാക്കിയ സ്‌ക്രിപ്റ്റിലേക്കാണ് അല്ലു എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യേഗികമായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.

Content Highlight: Reports that Pushpa 3 will go on floors only in 2028