ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2. ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി. പ്രീ റിലീസ് ബിസിനസ്സിലൂടെ മാത്രം 1000 കോടിക്കുമുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടാഴ്ച കഴിഞ്ഞാല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോകുന്നത് ആരാധകരില്‍ വലിയ രീതിയില്‍ ടെന്‍ഷനുണ്ടാക്കുന്നുണ്ട്. ക്ലൈമാക്‌സ് സീനുകളിലെ വി.എഫ്.എക്‌സും അവസാനഘട്ടിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ സെന്‍സറിങ്ങും ഐമാക്‌സ് കണ്‍വേര്‍ഷനും പോലുള്ള വലിയ കടമ്പകള്‍ ഇതുമൂലം വൈകിയേക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ ഇത് പരിഹരിക്കാനായി നാല് പ്രൊഡക്ഷന്‍ ടീമിനെ സംവിധായകന്‍ സുകുമാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. വി.എഫ്.എക്‌സ് അടക്കമുള്ള കാര്യങ്ങള്‍ ഈ ടീമുകള്‍ ദ്രുതഗതിയില്‍ തീര്‍ക്കുമെന്നും കൃത്യസമയത്ത് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അടിയുറച്ച് വിശ്വസിക്കുന്നത്.
എന്നാല്‍ മൂന്ന് വര്‍ഷം സമയം കിട്ടിയിട്ടും പറഞ്ഞ സമയത്തിനുള്ളില്‍ ഷൂട്ട് തീര്‍ക്കാത്തതില്‍ അണിയറപ്രവര്‍ത്തകരെ കുറ്റം പറയുന്നവരുമുണ്ട്. സംവിധായകന്‍ സുകുമാര്‍ സ്‌ക്രിപ്റ്റില്‍ അടിക്കടി മാറ്റം വരുത്തുന്നതും, ഷെഡ്യൂളുകള്‍ തോന്നിയ പോലെ ബ്രേക്ക് ചെയ്യുന്നതും കാരണം അല്ലുവും സുകുമാറും തമ്മില്‍ വഴക്കുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുഷ്പയുടെ ആദ്യഭാഗത്തിന്റെ റിലീസ് സമയത്തും ഇതുപോലൊരു പ്രശ്‌നം നേരിട്ടിരുന്നു. ചിത്രത്തിന്റെ ഡബ്ബ് ചെയ്ത ഓഡിയോ ഫയലുകള്‍ക്ക് എറര്‍ നേരിട്ടത് അവസാനനിമിഷത്തില്‍ തിരിച്ചടിയായിരുന്നു. ആദ്യദിനത്തില്‍ മലയാളം പതിപ്പ് റിലീസായിട്ടില്ലായിരുന്നു. അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യനായി അണിയിച്ചൊരുക്കുന്ന ചിത്രത്തിനെ മര്യാദക്ക് റിലീസ് ചെയ്യാതതതില്‍ പലരും അന്നേ വിമര്‍ശിച്ചിരുന്നു.
500 കോടി ബജറ്റിലാണ് പുഷ്പ 2 ഒരുങ്ങുന്നത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ സ്‌കെയിലിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുക എന്ന് ട്രെയ്‌ലറില്‍ നിന്ന് സൂചന ലഭിച്ചിരുന്നു. അല്ലു അര്‍ജുന്റെ കൂടെ കട്ടക്ക് ഫഹദ് ഫാസിലും ഉണ്ടാകുമെന്നും ട്രെയ്‌ലറില്‍ നിന്ന് സൂചന കിട്ടിയിരുന്നു. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലായ ഡിസംബര്‍ അഞ്ചിന് പുഷ്പ 2 തിയേറ്ററുകളിലെത്തും.
Content Highlight: Reports that Pushpa 2 have some more days of shoot is pending