പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തെ ക്ലബ്ബിലെത്തിക്കണം; വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്
സൂപ്പര്‍ താരങ്ങളെ സൈന്‍ ചെയ്യാനുള്ള ക്ലബ്ബുകളുടെ പോരാട്ടം തുടരുകയാണ്. പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് ടീമിനെ കൂടുതല്‍ ശക്തമാക്കുകയാണ് ഓരോ ക്ലബ്ബുകളുടെയും ലക്ഷ്യം. ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ബെര്‍ണാഡോ സില്‍വ ശ്രദ്ധേയനാവുകയാണിപ്പോള്‍.
താരത്തെ സ്വന്തമാക്കാന്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയും സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ഒരുപോലെ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ബാഴ്സ തുടര്‍ച്ചയായി സില്‍വയെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
ഈ സീസണിന്റെ അവസാനത്തോടെ സിറ്റി വിടാനൊരുങ്ങുന്ന സില്‍വ നിലവില്‍ മറ്റ് ക്ലബ്ബുമായി ഡീലിങ് നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് താരത്തെ ധൃതിയില്‍ സ്വന്തമാക്കാനുള്ള നീക്കവുമായി വമ്പന്‍ ക്ലബുകള്‍ രംഗത്തെത്തിയത്.
അഭ്യൂഹങ്ങള്‍ക്കിടയില്‍ സില്‍വയെ വിട്ട് നല്‍കാന്‍ സിറ്റി തയ്യാറല്ലെന്നും. മികച്ച ഓഫര്‍ എത്തുന്നത് വരെ താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് മാന്‍ സിറ്റി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദ് താരത്തെ സൈന്‍ ചെയ്യാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് സില്‍വ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമറിയിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘സത്യം പറഞ്ഞാല്‍, എനിക്കറിയില്ല. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇപ്പോള്‍ ഞാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെ ജയം ആഘോഷിക്കുകയാണ്. വളരെ മികച്ച നേട്ടമാണ് ഇത്തവണ ഞങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്,’ സില്‍വ പറഞ്ഞു.
അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയിരുന്നു. ചരിത്രത്തിലെ തങ്ങളുടെ ആദ്യം കിരീടം തട്ടകത്തിലെത്തിച്ചിരിക്കുകയാണ് സിറ്റി. യുവേഫ ചാമ്പ്യന്‍സ് ലീഗിന് പുറമെ ഈ സീസണില്‍ പ്രീമിയര്‍ ലീഗിലും എഫ്.എ കപ്പിലും ജേതാക്കളായി ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം കൊയ്യാനും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒട്ടുമിക്ക നേട്ടങ്ങളിലും നിര്‍ണായക പങ്കുവഹിച്ച താരമാണ് ബെര്‍ണാഡോ സില്‍വ.
Content Highlight: reports that PSG and Barcelona are both in the field to acquire Bernardo Silva