കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍. പ്രഭാസ് നായകനായ സലാര്‍ പ്രശാന്തിന്റെ ആദ്യ ചിത്രമായ ഉഗ്രത്തിന്റെ തെലുങ്ക് റീമേക്കായിരുന്നു. കന്നഡയില്‍ ശ്രീമുരളി അവതരിപ്പിച്ച വേഷം പ്രഭാസും തിലക് ശേഖറിന്റെ വേഷം ചെയ്തത് പൃഥ്വിരാജുമായിരുന്നു. ഉഗ്രത്തിനെക്കാള്‍ വലിയ ബജറ്റില്‍ രണ്ട് ഭാഗങ്ങളായാണ് സലാര്‍ പുറത്തിറങ്ങുന്നത്.
രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെ വിചിത്രമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സലാര്‍ 2വിന്റെ ആദ്യ ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ പൃഥ്വിരാജ് ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാലാണ് പൃഥ്വി സംവിധാനത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.
എന്നാല്‍ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസ് ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാനാണ് പൃഥ്വി ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. 2019ലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. യു.കെ, അമേരിക്ക എന്നവിടങ്ങളില്‍ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്ത എമ്പുരാന്‍ ഇപ്പോള്‍ ഗുജറാത്തില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം കല്‍ക്കി 2898 എ.ഡി നല്‍കിയ ഗംഭീര വിജയത്തിന് ശേഷമാണ് പ്രഭാസ് സലാറില്‍ ജോയിന്‍ ചെയ്യുന്നത്. പ്രഭാസിനും പൃഥ്വിക്കും പുറമെ ശ്രിയ റെഡ്ഡി, ബോബി സിംഹ, ജഗപതി ബാബു, ഈശ്വരി റാവു, ശ്രുതി ഹാസന്‍ തുടങ്ങി വന്‍ താരനിരയാണ് സലാറിലുള്ളത്. ഖന്‍സാര്‍ എന്ന സാങ്കല്പിക രാജ്യത്തിലെ രണ്ട് വംശങ്ങള്‍ തമ്മിലുള്ള പകയുടെ കഥയാണ് സലാര്‍ പറയുന്നത്. 500 കോടിക്കടുത്താണ് ആദ്യ ഭാഗം കളക്ട് ചെയ്തത്. 2026ല്‍ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
Content Highlight: Reports that Prithviraj will direct the first schedule of Salaar Part 2 instead of Prashanth Neel