| Sunday, 16th March 2025, 7:36 pm

നഷ്ടത്തോട് നഷ്ടം... പ്രൊഡക്ഷന്‍ ഹൗസിന് ഷട്ടറിടാനൊരുങ്ങി ലൈക്ക?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് നായകനായ കത്തി എന്ന ചിത്രത്തിലൂടെ നിര്‍മാണരംഗത്തേക്ക് കടന്നുവന്നവരാണ് ലൈക്ക പ്രൊഡക്ഷന്‍സ്. ആറോളം രാജ്യങ്ങളില്‍ സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലൈക്കയുടെ തമിഴിലെ അരങ്ങേറ്റം മോശമായിരുന്നില്ല. ആദ്യചിത്രം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ലൈക്ക പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുകയും ഒരുപാട് ചിത്രങ്ങള്‍ വിതരണത്തിനെടുക്കുകയും ചെയ്തു.

മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തത് ലൈക്കയായിരുന്നു. 250 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളിലായി ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി. ലൈക്കയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും പൊന്നിയിന്‍ സെല്‍വനായിരുന്നു.

400 കോടി ബജറ്റിലെത്തിയ ഷങ്കറിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 2.0യും മികച്ച വിജയം സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ലൈക്ക നിര്‍മിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോവുകയായിരുന്നു. ഇന്ത്യന്‍ 2 കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മോശം ചിത്രമെന്ന ദുഷ്‌പേര് കേള്‍പ്പിച്ചപ്പോള്‍ വേട്ടൈയനും വിടാമുയര്‍ച്ചിയും ബജറ്റ് തിരിച്ചുപിടിക്കാനാകാതെ തിയേറ്ററുകളില്‍ പരാജയമായി മാറി.

ഇപ്പോഴിതാ പ്രൊഡക്ഷന്‍ ഹൗസിന് ലൈക്ക പൂട്ടിടാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തവരുന്നത്. നിലവില്‍ ലൈക്ക അനൗണ്‍സ് ചെയ്ത രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ലൈക്ക സിനിമാനിര്‍മാണത്തില്‍ പിന്‍വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടിന്റെ ഇന്ത്യന്‍ 3യാണ് ഇതില്‍ പ്രധാന ചിത്രം.

കഴിഞ്ഞ വര്‍ഷം ട്രോളന്മാര്‍ കീറിമുറിച്ച ഇന്ത്യന്‍ 2 അവസാനിച്ചത് മൂന്നാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ കാണിച്ചുകൊണ്ടായിരുന്നു. സേനാപതി എന്ന കഥാപാത്രം എങ്ങനെ സ്വാതന്ത്ര സമരസേനാനിയായെന്നും സേനാപതിയുടെ അച്ഛന്‍ വീരശേഖരന്റെ കഥയുമാണ് ഇന്ത്യന്‍ 3 പറയുന്നത്. മൂന്നാം ഭാഗത്തിന്റെ കഥയാണ് രണ്ടാം ഭാഗം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഗെയിം ചേഞ്ചറിന്റെ പരാജയത്തില്‍ നിന്ന് ഷങ്കര്‍ ഇന്ത്യന്‍ 3യിലൂടെ കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് അടുത്ത പ്രൊജക്ട്. സുന്ദീപ് കിഷന്‍ നായകനാകുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

എമ്പുരാനിലൂടെ മലയാളത്തിലും ലൈക്ക അവരുടെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍ മുന്‍ ചിത്രങ്ങള്‍ ഏല്‍പിച്ച നഷ്ടവും എമ്പുരാന്റെ സാറ്റ്‌ലൈറ്റ് റൈറ്റിനെക്കുറിച്ചുള്ള വാക്കുതര്‍ക്കവും കാരണം ലൈക്ക പിന്മാറുകയായിരുന്നു. ശ്രീ ഗോകുലം മൂവീസ് ഇതിന് പിന്നാലെ എമ്പുരാന്റെ നിര്‍മാണ പങ്കാളികളാവുകയായിരുന്നു.

Content Highlight: Reports that Lyca productions going to shut down after Indian 3 and Jason Sanjay project

We use cookies to give you the best possible experience. Learn more