| Monday, 26th December 2022, 7:59 am

ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാമെന്ന് അദ്ദേഹം അറിയിച്ചതായാണ് മിഡിയ വണ്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ചത്തെ സി.പി.ഐ.എം സെക്രട്ടറിയേറ്റില്‍ പങ്കെടുക്കില്ലെന്നും ഇ.പി. അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ പാര്‍ട്ടിയില്‍ നിന്നും ഇ.പി. ജയരാജന്‍ ഭാഗികമായി മാറിനില്‍ക്കുകയായിരുന്നു.

അതിനിടെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണെമെന്നും പി. ജയരാജന്‍ ആരോപിച്ചെന്നും വിവിധ ടി.വി ചാനലുകള്‍ പുറത്തുവിട്ട വര്‍ത്തകളില്‍ പറഞ്ഞിരുന്നു.

അതേസമയം, ഈ വിഷയത്തില്‍ ഇ.പി. ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണം സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്യും. ഇതിന്റെ മുന്നോടിയായി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശകള്‍ തേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. മുന്‍ കണ്‍വീനര്‍ എ. വിജയരാഘവന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായതോടെയാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി പരിഗണിച്ചിരുന്നത്.

Content Highlight:  Reports that E.P. Jayarajan has volunteered to vacate the post of LDF Convener post  

We use cookies to give you the best possible experience. Learn more