Film News
പാന്‍ ഇന്ത്യനൊന്നും താത്പര്യമില്ല, പാന്‍ വേള്‍ഡിലേക്ക് ഉയരാന്‍ ധനുഷ്, സോണി പിക്‌ചേഴ്‌സിന്റെ പുതിയ ചിത്രത്തില്‍ ധനുഷും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 11, 03:34 am
Wednesday, 11th December 2024, 9:04 am

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് ധനുഷ്. അഭിനയത്തിന് പുറമെ ഗായകന്‍, ഗാനരചയിതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച ധനുഷ് രണ്ട് വട്ടം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് തന്റെ പേരിലാക്കി. തമിഴിന് പുറമെ ബോളിവുഡിലും ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ചെറിയ കാലയളവിനുള്ളില്‍ ധനുഷിന് സാധിച്ചു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് അണിയിച്ചൊരുക്കിയ ദ ഗ്രേ മാനില്‍ ധനുഷിന്റെ വേഷം ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ലോകമെങ്ങും ആരാധകരുള്ള സ്ട്രീറ്റ് ഫൈറ്റര്‍ എന്ന ഗെയിമിന്റെ ലൈവ് ആക്ഷന്‍ ചിത്രത്തില്‍ ധനുഷ് പ്രധാന കഥാപാത്രമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

ഹോളിവുഡില്‍ ഒരുപാട് ആരാധകരുള്ള സിഡ്‌നി സ്വീനിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഗ്രേ മാനില്‍ വെറും 10 മിനിറ്റ് മാത്രമുള്ള വേഷത്തില്‍ ധനുഷിന്റെ ആക്ഷന്‍ വലിയ ചര്‍ച്ചയായിരുന്നു. ആക്ഷന്‍ ഓറിയന്റഡായിട്ടുള്ള ചിത്രത്തില്‍ ധനുഷിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 2026ല്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധനുഷിന്റെ മൂന്നാമത്തെ ഇംഗ്ലീഷ് ചിത്രമാണ് സ്ട്രീറ്റ് ഫൈറ്റര്‍. ദ എക്‌സ്ട്രാ ഓര്‍ഡിനറി ടെയ്ല്‍ ഓഫ് എ ഫക്കീര്‍, ദ ഗ്രേ മാന്‍ എന്നിവയാണ് മറ്റുള്ളവ. റൂസ്സോ ബ്രദേഴ്‌സ് മാര്‍വലിലേക്ക് തിരിച്ചെത്തുന്ന അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയിലും ധനുഷ് ഭാഗമാകുന്നുണ്ടെന്ന റൂമറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല.

നിലവല്‍ ഇഡ്‌ലി കടൈ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്. ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷ് തന്നെയാണ്. താരത്തിന്റെ നാലാമാത്തെ സംവിധാനസംരംഭമാണ് ഇത്. ധനുഷിന് പുറമെ നിത്യ മേനന്‍, പ്രകാശ് രാജ്, അരുണ്‍ വിജയ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ധനുഷ് സംവിധാനം ചെയ്ത രായന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. 150 കോടിക്കുമുകളില്‍ ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു.

Content Highlight: Reports that Dhanush will be  part of Hollywood movie Street Fighter with Sydney Sweeney