| Wednesday, 23rd November 2022, 12:46 pm

'ഓപ്പറേഷന്‍ ടോളിവുഡ്'; ചിരഞ്ജീവിയും പവനും ബി.ജെ.പിയിലേക്ക്? സ്‌ക്രീനിന് പുറത്തെ ചരടുവലികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഇന്ത്യന്‍ ഫിലിം പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ചിരഞ്ജീവിക്ക് അവാര്‍ഡ് സമ്മാനിച്ചത്.

2022ല്‍ നായകനായെത്തിയ, കലാസൃഷ്ടി എന്ന നിലയില്‍ ഗുണമേന്മ അവകാശപ്പെടാനാവാത്ത രണ്ട് സിനിമകള്‍ സൂപ്പര്‍ ഫ്‌ളോപ്പാക്കിയ ചിരഞ്ജീവിക്ക് തന്നെ അവാര്‍ഡ് കൊടുത്തതില്‍ പലരും അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ചില രാഷ്ട്രീയ നീക്കങ്ങളുമുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തെന്നിന്ത്യയില്‍ കര്‍ണാടകത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കാന്‍ സാധിച്ചത്. തമിഴ്‌നാടും കേരളവും തെലങ്കാനയും ആന്ധ്രാപ്രദേശും മുഖം തിരിച്ച് നില്‍ക്കുകയാണെങ്കിലും അടിത്തട്ടിലും മേല്‍ത്തട്ടിലുമായി അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ തന്നെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും ജഗന്‍മോഹന്‍ റെഡ്ഡിക്കും വന്‍ജനസ്വാധീനമുള്ള ആന്ധ്രാപ്രദേശില്‍ അടുത്ത കാലത്തെങ്ങും ബി.ജെ.പി അധികാരം പിടിക്കാനുള്ള സാധ്യതകളില്ല. ശക്തമായ പ്രതിപക്ഷമാവാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സിനിമാ മേഖലയിലൂടെയും ഇതിനുള്ള ശ്രമങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ചിരഞ്ജീവിക്ക് സമ്മാനിക്കപ്പെട്ട അവാര്‍ഡിനെ പലരും സംശയ ദൃഷ്ടിയോടെയാണ് നിരീക്ഷിക്കുന്നത്. ചിരഞ്ജീവിയുടെ സഹോദരനും നടനുമായ പവന്‍ കല്യാണിലേക്കും അദ്ദേഹത്തിന്റെ ജനസേന പാര്‍ട്ടിയിലേക്കുമുള്ള വഴി എളുപ്പമാക്കാനാവും ബി.ജെ.പി ശ്രമിക്കുന്നതെന്ന വിലയിരുത്തലുകളാണ് വരുന്നത്.

അടുത്തിടെ വിശാഖ പട്ടണത്ത് വെച്ച് മോദി-പവന്‍ കല്യാണ്‍ കൂടിക്കാഴ്ച നടന്നിരുന്നു. 2024ല്‍ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് തെരെഞ്ഞെടുപ്പില്‍ ജന സേനയുമായി കൈകോര്‍ക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. ചിരഞ്ജീവിക്ക് അവാര്‍ഡ് നല്‍കിയതും മോദി തന്നെ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നതും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്.

കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ ആന്ധ്രയിലെ ഭീമാവരത്തില്‍ നടന്ന പരിപാടിയിലേക്ക് മോദി ചിരഞ്ജീവിയെ ക്ഷണിച്ചിരുന്നു. ഇതിന് ശേഷം പവന്‍ കല്യാണിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് ചിരഞ്ജീവി സംസാരിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഉയരണമെന്ന തന്റെ സഹോദരന്റെ ആഗ്രഹം ഒരു ദിവസം നടക്കുമെന്നാണ് ചിരഞ്ജീവി പറഞ്ഞത്.

സമീപകാലത്തെ സംഭവങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ ടോളിവുഡ് വഴിയുള്ള ഒരു ഓപ്പറേഷനാണോ ബി.ജെ.പി ശ്രമിക്കുന്നതെന്ന വിലയിരുത്തലുകളാണ് വരുന്നത്.

Content Highlight: reports that Chiranjeevi and Pawan kallyan into BJP

We use cookies to give you the best possible experience. Learn more