തിരുവനന്തപുരം: ഹൃദ്യം പദ്ധതിയില്‍ നിന്ന് ശ്രീചിത്ര ആശുപത്രി ഒഴിവാകുന്നത് സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍. പദ്ധതിയില്‍ ഉള്‍പ്പെട്ട സ്വകാര്യ ആശുപത്രികള്‍ അടക്കം അംഗീകരിച്ച നിബന്ധനകള്‍ ശ്രീചിത്ര നിരാകരിക്കുകകയായിരന്നു. ഇതുകൂടാതെ മറ്റ് ആശുപത്രികള്‍ക്കില്ലാത്ത ഡിമാന്‍ഡുകള്‍ ശ്രീചിത്ര മുന്നോട്ടുവെച്ചതും പദ്ധതിയുമായുള്ള സഹകരണത്തിന് വിള്ളലുണ്ടായി. മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവള്ളവരാണ് ആശുപത്രിയുടെ ഗവേണിങ് കമ്മിറ്റി.
പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ആദ്യത്തെ രണ്ട് സര്‍ജറിയും(ചില കുട്ടികള്‍ക്ക് രണ്ടോ അതിലധികമോ സര്‍ജറി വേണ്ടി വരും) ഒരു വര്‍ഷത്തെ ഫോളോഅപ്പും പൂര്‍ണമായും സൗജന്യമാകണം എന്നതാണ് സര്‍ക്കാരിന്റെ നിബന്ധന. എന്നാല്‍ ഇത് അംഗീകരിക്കാത്ത ശ്രീചിത്ര സര്‍ജറിക്കായി ഉപയോഗിക്കുന്ന ഗ്ലൗസ്, സിറിഞ്ച് തുടങ്ങിയ ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ബില്ല് വേറെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ശ്രീചിത്ര സര്‍ക്കാരിന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് ശ്രീചിത്ര പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്.
ഇതുകൂടാതെ പദ്ധതി കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രമായി തങ്ങള്‍ക്ക് ഒരു സോഷ്യല്‍ വര്‍ക്കറെ വേണമെന്ന ആവശ്യം കൂടി ശ്രീചിത്ര കത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാമെന്ന് ആശുപത്രിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം, ഹൃദ്യം പദ്ധതിയില്‍ നേരത്തെ ശ്രീചിത്രയും ഉള്‍പ്പെട്ടിരുന്നു. അവരുമായുള്ള MoU-വിന്റൈ കാലാവധി 2022 മാര്‍ച്ച് 31 ന് അവസാനിക്കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് മറുപടി നല്‍കവെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.
‘ശ്രീചിത്ര ആശുപത്രി മികച്ച നിലയില്‍ ഹൃദ്യത്തില്‍ പങ്കാളിയായി. ശ്രീചിത്ര
തുടര്‍ന്നും ഹൃദ്യത്തില്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇത് ഇപ്പോഴല്ല നേരത്തെ തന്നെ ഞാന്‍ പരസ്യമായിരുന്നു,’ എന്നാണ് പറഞ്ഞത്.
ശ്രീചിത്രയെ ഹൃദ്യം പദ്ധതിയിയുടെ ഭാഗമാക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘കാസ്പി’ലും ഹൃദ്യത്തിലും ശ്രീചിത്ര ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ശ്രീചിത്ര ഡയറക്ടറുമായി മന്ത്രി വീണ ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കാസ്പില്‍ ശ്രീചിത്ര ഭാഗമായിട്ടുണ്ട്.
എന്നാല്‍ ഹൃദ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ജൂണ്‍ മാസം ആദ്യം വീണ്ടും
ആരോഗ്യമന്ത്രി കത്തയച്ചിട്ടുണ്ട്. നിലവില്‍ ശ്രീചിത്രയുമായി ബന്ധപ്പെട്ടുള്ള ക്ലെയ്മൊന്നും സ്റ്റേറ്റ് ഓഫീസില്‍ പെന്‍ഡിങ്ങിലില്ലെന്നു മന്ത്രി അറിയിച്ചിരുന്നു.