ഉദയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികളിലൊരാളായ റിയാസ് അട്ടാരിയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇന്ത്യാ ടുഡേയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കൊലപാതകം നടത്തുന്നതിന് വളരെ മുന്‍പ് തന്നെ ഇരുവരും ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രവാചക നിന്ദയ്ക്കുള്ള ശിക്ഷയാണെന്നാണ് കനയ്യലാലിനെ കൊലപ്പെടുത്തിക്കൊണ്ട് ചിത്രീകരിച്ച വീഡിയോയില്‍ പ്രതികള്‍ പറയുന്നത്. എന്നാല്‍ ഇതിന് പുറമെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നതിലും ഭീകരമായ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ ചുരുങ്ങിയത് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായെങ്കിലും ബി.ജെ.പി രാജസ്ഥാന്‍ ഘടകത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ കുറിച്ച് ഇന്ത്യാ ടുഡേ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
2019ല്‍ സൗദി അറേബ്യയില്‍ നിന്നും എത്തിയ റിയാസ് അട്ടാരിയെ രാജസ്ഥാനിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അംഗമായ ഇര്‍ഷാദ് ചെയ്ന്‍വാല സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.
പ്രാദേശിക ബി.ജെ.പി യൂണിറ്റുമായുള്ള ചെയിന്‍വാലയുടെ ബന്ധം ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും ഉദയ്പൂരിലെ ബി.ജെ.പിയുടെ പരിപാടികളില്‍ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ചെയ്ന്‍വാല സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊലപാതകത്തില്‍ പ്രതിയായ റിയാസ് അട്ടാരിയുമായുള്ള ചിത്രം തന്റേതാണെന്ന് ചെയ്ന്‍വാല സമ്മതിക്കുന്നുണ്ട്. റിയാസിനെ പൂമാലയണിയിക്കുന്നതാണ് ചിത്രം. ഇത് റിയാസ് ഉംറ കഴിഞ്ഞ് എത്തിയപ്പോഴെടുത്ത ചിത്രമാണെന്നും ഉംറ ചെയ്തതിനാലാണ് പൂമാലയണിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റിയാസ് പലപ്പോഴും ബി.ജെ.പിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പ്രത്യേകിച്ച് ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കടാരിയയുടെ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു റിയാസ്. വിളിച്ചില്ലെങ്കിലും പലപ്പോഴും റിയാസിനെ പരിപാടികളില്‍ കാണാറുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് പലപ്പോഴും റിയാസ് വ്യക്തമാക്കിയിട്ടുമുണ്ട്, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയം സന്നദ്ധനായി എത്തുകയായിരുന്നു ഇയാള്‍,’ ചെയ്ന്‍വാല പറഞ്ഞു.
മുഹമ്മദ് താഹിര്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകനിലൂടെയാണ് റിയാസ് ബി.ജെ.പിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും താഹിര്‍ ആണ് റിയാസിനെ ബി.ജെ.പിയിലേക്ക് എത്തിച്ചതെന്നും ചെയ്ന്‍വാല സമ്മതിക്കുന്നുണ്ട്.
content Highlight: reports shows the that the accused in Udaipur murder have links with bjp